ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ മഴുവടി മാമ്മച്ചന്‍കുന്ന്, നിവാസികളുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയമായ പൊതുകിണറ്റില്‍ സാമൂഹിക വിരുദ്ധര്‍ മണ്ണെണ്ണ ഒഴിച്ചു. ജലദൗര്‍ലഭ്യമുള്ള ഈ പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ കിണര്‍.
കുടിവെള്ളത്തിനായി വേറെ ഒരു മാര്‍ഗവും ഇല്ലാത്ത ഈ പ്രദേശത്ത് ജനങ്ങള്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ അകലെ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജലനിധി പദ്ധതയില്‍ ഉള്‍പ്പെടുത്തി പൊതുകുളം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും ഇതും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ ഈപ്രദേശത്തെ ജനങ്ങള്‍ ദിനംപ്രതി 250 രൂപയോളം മുടക്കി പഴയരിക്കണ്ടയത്ത് നിന്നും വാഹനങ്ങളിലാണ് കുടിവെള്ളമെത്തിക്കുന്നത്. ഈ പ്രദേശത്ത് ചീട്ടുകളിയും വ്യാജ വാറ്റും വ്യാജമദ്യവില്പ്പനയും നടക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. പാവപ്പെട്ട ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച സാമൂഹിക വിരുദ്ധരെ ഉടന്‍ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















