കൊട്ടാരക്കര: പ്രൈസ് മോണിറ്ററിങ് സെല്‍ കൊട്ടാരക്കര ടൗണില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 18,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയിലെ 38 വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 22 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും 10000 രൂപയും വെയര്‍ഹൗസിന് സമീപമുള്ള സ്ഥാപനത്തില്‍ നിന്ന് 5000 രൂപയും താലൂക്ക് ആശുപത്രിക്ക് സമീപത്തുളള സ്ഥാപനത്തില്‍ നിന്ന് 3000 രൂപയും പിഴ ഈടാക്കി. മുദ്ര പതിപ്പിക്കാതെയും പരിശോധനാ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാതെയും വിവിധ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചുവന്ന അളവുതൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സപ്ലൈ ഓഫീസര്‍ എന്‍.അയൂബ്ഖാന്‍,’ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ശ്രീകല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യഭാമ എന്നിവര്‍ നേതൃത്വം നല്‍കി. ഭക്ഷ്യഭദ്രതാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍ ചില്ലറ മൊത്തവ്യാപാര ഡിപ്പോകളില്‍ നടത്തിയ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ 11 വ്യാപാരികള്‍ക്ക് എതിരെ നടപടികള്‍ സ്വീകരിച്ചതായും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതിപരിഹാരത്തിന് 0474-2454769 ബന്ധപ്പെടണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
















