കൊല്ലം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കൊല്ലം ടി.എം.വര്‍ഗീസ് സ്മാരക ഹാളില്‍ വില്ലേജ് ഓഫീസര്‍മാരുടെ മേഖലാസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ സ്വന്തം ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. സമൂഹത്തിനുവേണ്ടിയാണ് ജോലിചെയ്യുന്നതെന്ന ബോധ്യം ഉണ്ടാകണം. ഓഫീസ് പ്രവര്‍ത്തനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരോടുള്ള സമീപനത്തിലും മാതൃകയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വില്ലേജ് ഓഫീസര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. വില്ലേജ് ഓഫീസര്‍മാര്‍ തങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. ഇതുവരെ നടന്ന എല്ലാ മേഖലായോഗങ്ങളിലും സമാനമായ പ്രശ്‌നങ്ങളാണ് വില്ലേജ് ഓഫീസര്‍മാര്‍ ചൂണ്ടിക്കാട്ടിയതെന്നും ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ മിത്ര.ടി, സബ് കളക്ടര്‍ ഡോ. എസ്.ചിത്ര, എഡിഎം ഐ.അബ്ദുല്‍ സലാം, ഡെപ്യൂട്ടി കളക്ടര്‍ സി.സജീവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
















