ചെറുതോണി: കരിമ്പനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് അപകടത്തില്‍പ്പെട്ടു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടര മണിയോടുകൂടിയാണ് സംഭവം. തൊടുപുഴയില്‍ നിന്നും തോപ്രാംകുടിയിലേക്ക് പോവുകയായിരുന്ന ബസ് കരിമ്പന്‍ പാലത്തിന് സമീപത്തെ കൊടും വളവില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. നിറയെ യാത്രക്കാരുമായി വന്ന ബസ് വളവിന് സമീപമെത്തിയപ്പോള്‍ അടിഭാഗത്ത് നിന്നും വന്‍ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന്റെ വലത് ഭാഗത്തേയ്‌ക്ക് നിരങ്ങിനീങ്ങി സമീപത്തുള്ള മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. മറുഭാഗത്തെ റോഡിന്റെ എഴുപത് അടിയോളം ഉയരത്തിലുള്ള മണ്‍തിട്ടയ്‌ക്ക് മുകളിലാണ് വാഹനം ഇടിച്ച് നിന്നത്. മുന്‍ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മുതിര്‍ന്ന യാത്രക്കാരുടെ ശ്രമഫലമായി പിന്‍വാതില്‍ തുറന്നാണ് പരിഭ്രാന്തിയിലായ യാത്രക്കാതെ പുറത്തിറക്കിയത്. വാഹനത്തില്‍നിന്നും തെറിച്ച് വീണെങ്കിലും പരിക്കുകളില്ലാതെ ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ കരിമ്പന്‍ പുത്തന്‍പുരയ്‌ക്കല്‍ അന്നക്കുട്ടിയുടെ കൈയ്യ്‌ക്ക് പരിക്കേറ്റു.
















