ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് വനത്തിന് നടുവില്‍. മാലിന്യകൂമ്പാരത്തില്‍നിന്നും തീപടര്‍ന്ന് സമീപത്ത് മുന്‍പ് കടപുഴകിവീണ കൂറ്റന്‍ മരത്തിനും തീപിടിച്ചു.
ഇടുക്കി മെഡിക്കല്‍ കോളേജിനും, ചെറുതോണി അണക്കെട്ടിനും മദ്ധ്യേ ദിവസങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തില്‍നിന്നും ഏതുനിമിഷവും തീ കാട്ടിലേയ്‌ക്ക് പടരുവാനിടയുണ്ട്.
വേനല്‍ക്കാലമായതോടെ ചെടികള്‍ ഉണങ്ങിനില്‍ക്കുന്നതുമൂലം തീ പടര്‍ന്നാല്‍ ജില്ലാ ആസ്ഥാന മേഖലയിലെ വനപ്രദേശം പൂര്‍ണ്ണമായും കത്തിനശിക്കും. എന്നാല്‍ സംഗതി ഇത്ര ഗൗരവമുള്ളതായിട്ടും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തോ, വനം വകുപ്പോ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുകയോ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനോ തയ്യാറായിട്ടില്ല.
ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനം അനുവദിച്ചിട്ടുള്ളതുമൂലം നൂറുകണക്കിന് വാഹനങ്ങളും, ആയിരകണക്കിന് സന്ദര്‍ശകരുമാണ് ഇതിനു സമീപത്തുകൂടി യാത്രചെയ്യുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന മാലിന്യ പ്ലാന്റിന്റെ പുറത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ അലക്ഷ്യമായി കത്തിക്കുന്നതിനെതിരെ മുന്‍പും ആക്ഷേപം ഉണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക്കും, റബ്ബറ
ും ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ പൂര്‍ണ്ണമായി കത്താതെ അവശിഷ്ടങ്ങള്‍ പുറത്തുകിടക്കുന്നവ ഭക്ഷിക്കുന്നതുവഴി വന്യജീവികളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥ ഇനിയും തുടര്‍ന്നാല്‍ ജില്ലാ ആസ്ഥാനം വന്‍ ദുരന്തത്തിന് സാക്ഷ്യവഹിക്കേണ്ടിവരും.
















