ന്യൂദൽഹി: നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ ബാങ്കുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് ബാങ്കുകൾ. ഇക്കാര്യം കേന്ദ്ര സർക്കാരിനോടും ആർബിഐയോടും ആവശ്യപ്പെടും. കറൻസി ലഭ്യത ഉറപ്പ് ആകുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം എന്നാണ് ബാങ്കുകളുടെ ആവശ്യം.
നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിൽ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സമയപരിധി ഡിസംബർ 30ന് അവസാനിക്കും. ഈ സമയത്ത് പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾ എടുത്തുകളയുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് നിയന്ത്രണങ്ങൾ തുടരണമെന്ന ആവശ്യവുമായി ബാങ്കുകൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സമീപിച്ചത്
അതേ സമയം എടിഎമ്മുകളിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന തുക 4000 ആയും, ബാങ്കുകളിൽ നിന്ന് ഒരു ആഴ്ച പിൻവലിക്കാവുന്ന തുക 40000 ആയും ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മുകളിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന തുക 2500 ഉം ബാങ്കുകളിൽ നിന്ന് ഒരു ആഴ്ച പിൻവലിക്കാവുന്ന തുക 24000 ആണ്. ഈ നിയന്ത്രണം ഡിസംബർ 30 വരെ തുടരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ബാങ്കുകളുടെ ആവശ്യത്തിൻമേൽ വെള്ളിയാഴ്ച കേന്ദ്ര ധനകാര്യമന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അച്ചടിച്ച പുതിയ നോട്ടുകളുടെ ലഭ്യത പരിഗണിച്ചാകും തീരുമാനം.അതേസമയം 500 രൂപ നോട്ടുകളുടെ അഭാവം ബാങ്കുകൾ ധനകാര്യ മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. 500ന്റെ നോട്ടുകൾ കൂടുതലായി എത്തിയാൽ കുറഞ്ഞ തുകയുടെ നോട്ടുകൾ വ്യാപാരികൾ പിടിച്ചുവെച്ചിരിക്കുന്നത് കുറയ്‌ക്കുമെന്നും അത് വിപണിയിൽ മാറ്റങ്ങളുണ്ടാക്കുമെന്നും ബാങ്കുകൾ പറയുന്നു.
















