സ്വന്തം ലേഖകന്‍
കൊല്ലം: ഇഎസ്‌ഐ കോര്‍പ്പറേഷന്‍ സംസ്ഥാനസര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം. വ്യവസ്ഥയിലെ തൊഴിലാളി ആനുകൂല്യങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങളാണ് അട്ടിമറിക്കപ്പെടുന്നത്. ഇഎസ്‌ഐ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തിലെ നാലാം ഖണ്ഡികയില്‍ ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ എല്ലാം തന്നെ അതേപടി സംസ്ഥാന സര്‍ക്കാര്‍ നല്‍കികൊള്ളാമെന്നു വ്യവസ്ഥ ചെയ്തിരുന്നു.
എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ കോളേജിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നിഷേധിക്കുകയും ഇപ്പോള്‍ അത് പൂര്‍ണനിഷേധത്തിലേക്കു എത്തിയിരിക്കുകയുമാണ്.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വ്യവസ്ഥകള്‍ക്ക് വിരുദ്ധവും തൊഴിലാളിദ്രോഹവുമാണ്. തൊഴിലാളികള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ അതേ പടി തുടരണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പേരില്‍ കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയത് സ്വകാര്യമെഡിക്കല്‍ കോളേജ് ലോബിയാണെന്നായിരുന്നു അന്നത്തെ ആരോപണം. ഇപ്പോള്‍ തൊഴിലാളികളുടെ നിയമപരമായ അവകാശം നിഷേധിക്കുകയും കോടതിയുടെ ഉത്തരവ് ലംഘിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സ്വകാര്യലോബിയുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്നാരോപണത്തിന് ശക്തി പകരുന്നതാണ് തൊഴിലാളികളുടെ ആനുകൂല്യനിഷേധം. അതേസമയം ഒരുവിഭാഗം ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും പ്രമോഷനും തൊഴില്‍ സൗകര്യത്തിനും വേണ്ടി മാത്രമായി കോളേജിന്റെ പ്രവര്‍ത്തനം ചുരുക്കുവാനാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെയും കരുതിക്കൂട്ടിയുള്ള ശ്രമത്തിന് പിന്നിലെന്നും ആരോപണം ഉയരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തസ്തിക ഒഴിച്ചിട്ടിരിക്കുന്നതും മതിയായ യോഗ്യതയില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കിയതും ആരോപണത്തിന് ശക്തി പകരുന്നുണ്ട്. നിയമനങ്ങളില്‍ സ്വജന പക്ഷപാതം നടന്നിട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
















