പരപ്പനങ്ങാടി: വൈകല്യത്തിന്റെ പരിമിതികള്‍ മറികടന്ന് വ്യത്യസ്ത പ്രതിഭകളുടെ ഒത്തുചേരല്‍ നവ്യാനുഭവമായി. പാലത്തിങ്ങല്‍ എഎംയുപി സ്കൂളില്‍ നടക്കുന്ന ഫെയ്സ് ഫൗണ്ടേഷന്റെ ക്യാമ്പിലാണ് പ്രതിഭകള്‍ ഒത്തുചേര്‍ന്നത്. ചിത്രകാരന് ജസ്ഫര്‍ കോട്ടക്കുന്ന്, റഈസ് വെളിമുക്ക്, ഗായകരായ ബദാറുസ്സമാന്, ഉദയന്‍, കഥാകൃത്തും നോവലിസ്റ്റുമായ മമ്പാട് പി.പി.റഷീദ്, കേരള ബാസ്ക്കറ്റ് ബോള്‍ ടീമംഗം റിയാസ് തിക്കോടി, ചിത്രകാരി സി.എച്ച് മാരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ അംഗപരിമിതരിലുള്ള കഴിവുകളെ പരിപോഷിപ്പിച്ച് അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഏട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്‍സ്പയര്‍ ക്യാമ്പിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്‍പതോളം അംഗപരിമിതര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
ജന്മനാ ഇരുകൈകാലുകളും തളര്‍ന്നുപോയ ജസ്ഫറിന്റെ ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. ബ്രഷ് കടിച്ചുപിടിച്ചാണ് ജസ്ഫര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്.
സ്കൂളില്‍ പഠിക്കുമ്പോള്‍ ആഘോഷത്തിന് തോരണം കെട്ടാന്‍ ഉയരത്തില്‍ കയറിയപ്പോള്‍ താഴെവീണ് ശരീരം മൊത്തം ചലനമറ്റുപോയ റഈസാണ് അംഗപരിമിതര്‍ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരാനുള്ള പ്രേരകഘടകമായത്. ഫുജൈറയില്‍ അപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ തളര്‍ന്ന മൂര്‍ക്കനാട് സ്വദേശി ബദറുസ്സമാന്‍, മലപ്പുറം പടപ്പറമ്പ് സ്വദേശിയുമായ ഉദയനും മികച്ച ഗായകരാണ്. ബദറുസ്സമാനും, ഉദയനും നേതൃത്വം നല്കുന്ന ‘മ്യൂസിക് വീല്‍’ എന്ന മ്യൂസിക് ബാന്‍ഡ് ഏറെ പ്രശസ്തമാണ്. കല്‍പ്പണിക്കാരനായിരുന്ന ഉദയന്‍ തേപ്പു ജോലിക്കിടെ താഴെവീണു അരയ്ക്കു താഴെ തളരുകയായിരുന്നു.
നോവലിസ്റ്റും കഥാകൃത്തുമായ മമ്പാട് പി.പി റഷീദിന്റെ ഇരുകൈകളും കാലുകളും തളര്‍ന്നുപോയിട്ടുണ്ട്. എങ്കിലും വളഞ്ഞ കൈകള്‍ വെച്ച് റഷീദ് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിദേശത്തു നിന്നും ലീവിന് നാട്ടിലെത്തിയ റിയാസ് തിക്കോടിക്ക് നാട്ടില്‍നിന്നും സംഭവിച്ച വാഹനാപകടത്തിലാണ് അരയ്ക്കു താഴെ തളര്‍ന്നത്.എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി റിയാസിന്റെ തിരിച്ചുവരവ് വീല്‍ ചെയര്‍ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലാണ്. സംസ്ഥാന ടീമംഗമാണ് റിയാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: