അടിമാലി: കല്ലാര്‍കൂട്ടിയില്‍ നിന്നും നായ്‌കുന്നിലേക്ക് ഡാമിലൂടെ ഫൈബര്‍ വള്ളത്തിലുള്ള യാത്ര കണ്ടാല്‍ ഭയം തോന്നും. നായ്‌കുന്ന്, മാങ്കടവ് നിവാസികള്‍ എളുപ്പത്തില്‍ മറുരയില്‍ എത്തുവാന്‍ ജീവന്‍ പണയം വെച്ചുള്ള ഈ യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. വെള്ളത്തുവല്‍ പഞ്ചായത്തിലെ 14, 12 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് കല്ലാര്‍കൂട്ടി ഡാമാണ്.
ഈ ഡാമിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ എതിര്‍ കരയിലേക്ക് എളുപ്പത്തില്‍ പോകുന്നതിന് ഇതുവഴിയാണ്. ഇതിനായി വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് പഞ്ചായത്ത് നല്‍കിയിരിക്കുന്ന ഫൈബര്‍ വള്ളമാണ്. ഇരുകരകളേയും തമ്മില്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ച് വള്ളത്തില്‍ ഇരുന്ന് കയര്‍ വലിച്ചാണ് പ്രദേശവാസികള്‍ ഇരു കരകളും കടക്കുന്നത്. നായ്‌കുന്നില്‍ നിന്നുള്ള കുരുന്നുകള്‍ പോലും സ്‌കൂളുകളില്‍ പോകുന്നത് സ്വന്തം വള്ളം വലിച്ചണ്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നതിന് മുന്‍പ് തന്നെ വള്ളം വലിക്കുവാന്‍ പഠിക്കേണ്ട ഗതികേടാണ് നായ്‌കൂന്ന് പ്രദേശത്തെ കുട്ടികള്‍ക്ക്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് വരെ തയ്യാറാക്കി പോയതാണ്. എന്നാല്‍ പിന്നീടത് മുടങ്ങി. കല്ലാര്‍കൂട്ടി പള്ളിപടിയില്‍ നിന്നും നായ്‌കൂന്നിന് കരമാര്‍ഗ്ഗം പോകണമെങ്കില്‍ മൂന്നു കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കണം. വള്ളത്തിലൂടെയുള്ള യാത്ര എളുപ്പത്തില്‍ എത്തുവാന്‍ കഴിയുമെങ്കിലും ഭയാനകമാണ്. കാലഹരണ ബോട്ടെങ്കിലും മാറി നല്‍കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്.
















