കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റയില്‍വേ സ്‌റ്റേഷന് തെക്കുവശമുള്ള റയില്‍വേ ഗേറ്റിനു സമീപം ട്രാക്കിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവം.
കരുനാഗപ്പള്ളിയില്‍ എത്തേണ്ടുന്ന അമൃത എക്‌സ്പ്രസ് കടന്നുപോകാനായി ഗേറ്റ് അടയ്‌ക്കാന്‍ ശ്രമിച്ച ഗേറ്റ് കീപ്പറാണ് ട്രാക്കില്‍ കാര്‍ കിടക്കുന്നത് കണ്ടത്. അവര്‍ അറിയിച്ചതിന്‍പ്രകാരം റയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ ട്രാക്കില്‍ നൂറുമീറ്റര്‍ ദൂരം ഓടിച്ചു കയറ്റിയ കാര്‍ അവിടെ ഉള്ള നിസ്‌കാരപ്പള്ളിയ്‌ക്കു സമീപം നിര്‍ത്തി ഇട്ടതായും, കാര്‍ പുറത്തു നിന്നും ലോക്ക് ചെയ്തതായും കാണപ്പെട്ടു. റയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി കെഎല്‍ 31 സി 1711 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് അവിടെ നിന്നും മാറ്റുകയും ഒരു മണിക്കൂറായി നിര്‍ത്തിയിരുന്ന ട്രയിന്‍ ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് സ്ഥലത്ത് എത്തുന്നതിനു മുമ്പായി അവിടെ എത്തിയ മൂന്നുപേര്‍ റയില്‍വേ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും പിടിച്ചുതള്ളി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഉണ്ടായി. ഇതിനെതിരെ റയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റയില്‍വെ ട്രാക്കില്‍ 50 മീറ്റര്‍ ദൂരത്തിനപ്പുറം ഉള്ള സംഭവങ്ങളെ അട്ടിമറി സാധ്യതയുടെ ഗണത്തിലാണ് റയില്‍വെ പരിഗണിക്കുന്നത്.
കാറ്റിന്റെ നാലു ഗ്ലാസുകളും കളര്‍ പേപ്പറുകള്‍ ഒട്ടിച്ചിട്ടുണ്ട്. മാത്രവും പല തടസങ്ങളും ഉള്ള ട്രാക്കിലൂടെ ഏറെ പ്രയാസപ്പെട്ടാണ് 100 മീറ്റര്‍ ദൂരം കാര്‍ ഓടിച്ചു കയറ്റിയിട്ടുള്ളത് എന്നതും ഏറെ ദുരുഹത ഉളവാക്കുന്നു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി ഇര്‍ഷാദിന്റെ പേരിലുള്ള കാറാണിത്. കാര്‍ ഓടിച്ച റിയാസിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















