കോട്ടയം: സംസ്‌കൃത ഭാഷയിലൂടെ പ്രചരിച്ച ശാസ്ത്രസമ്പത്തും ഭാഷയുടെ പ്രൗഢിയും ഇന്നും ഭാരതത്തെ നിലനിര്‍ത്തുന്നുവെന്നും, അതിന്റെ പ്രചാരണം കലഘട്ടത്തിന്റെ ആവശ്യമാണെന്നും സുരേഷ് കുറുപ്പ് എംഎല്‍എ അഭിപ്രായപ്പെട്ടു.
കോട്ടയം മൂലേടം അമൃത ഹൈസ്‌കൂള്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ പ്രശിക്ഷണശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയ്‌ക്കും കേരളീയ ദാര്‍ശനികര്‍ക്കും കഴിയുമെന്ന് ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുദേവനെയും എഴുത്തച്ഛനെയും ഉദാഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രശിക്ഷംശിബിരം സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ.എസ്.സുരന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി സുധീര്‍ ചൈതന്യ ചിന്മയമിഷന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ഉപാധ്യക്ഷന്‍ ഡോ.എം.പി.ഉണ്ണികൃഷ്ണന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി. ഡോ.പി.കെ.ശങ്കനാരായണന്‍, ജിതിന്‍ ഗോപാല്‍, സിന്ധു.എം.പൈ, ജില്ലാ കാര്യദര്‍ശി ദേവകി എന്നിവര്‍ സംസാരിച്ചു.
ജനുവരി 1ന് സമാപിക്കുന്ന ക്യാമ്പില്‍ സരള സംസ്‌കൃത പുസ്തകങ്ങളുടെ വില്‍പ്പന, സംസ്‌കൃത ശാസ്ത്രപ്രദര്‍ശിനി, സംസ്‌കൃത തെരുവ് നാടകം എന്നിവ ഉണ്ടായിരിക്കും.
















