കൊട്ടാരക്കര: വെളിയം മാലയില്‍ മലപ്പത്തൂര്‍ മയിലുകളുടെ ആവാസവ്യവസ്ഥയുള്ള സ്ഥലമാണെന്ന് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട്. മാലയില്‍ ക്രഷര്‍ നിലനില്‍ക്കുന്ന സ്ഥലത്ത് ഇപ്പോള്‍ മയിലുകളെ കാണാന്‍ ഇല്ലെന്നും ക്രഷറിന് പുറത്ത് മയിലുകളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നുവെന്നും അപൂര്‍വ്വ ആയുര്‍വേദസസ്യങ്ങള്‍ ഉള്‍പ്പെടെ (ഊര്‍പ്പണം, അമ്പഴം, പാച്ചോറ്റി, ഇലിപ്പ, കുമ്പിള്‍, കടുക്ക, മരോട്ടി, അങ്കോലം തുടങ്ങിയവ) 70 ല്‍പരം സസ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു ജൈവവൈവിധ്യ മേഖലയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1400 ദിവസങ്ങളായി ജില്ലയിലെ പരിസ്ഥിതി സംഘടനകളും ഹിന്ദുഐക്യവേദിയും മുന്നോട്ട് വയ്‌ക്കുന്ന വാദം തന്നെയാണ് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നത്. മാലയില്‍ വന്‍കിട ക്രഷര്‍ എം സാന്റ് സ്ഥാപിച്ചതോടെ ഇതിന്റെ ചുറ്റുപാടില്‍ നിന്ന് മയിലുകള്‍ കൂട്ടത്തോടെ പാലായനം ചെയ്യുകയാണെന്നും ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ദേശീയപക്ഷിയായ മയിലിന്റെ ആവാസവ്യവസ്ഥയ്‌ക്ക് കോട്ടം തട്ടുന്നത് 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കുറ്റകരമാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. മാലയില്‍ മലപ്പത്തൂരിനെ മയിലുകളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചുകൊണ്ട് ഒരു ജൈവവൈവിധ്യ സസ്യപാര്‍ക്കായി കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി ആവശ്യപ്പെട്ടു.
















