ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 2005നും 2013നും ഇടയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് 36.5 ലക്ഷം കോടി രൂപ വായ്‌പ നല്‍കിയെന്ന് ബിജെപി പറഞ്ഞു.
അംബാനിക്കും അദാനിക്കും 1.85 ലക്ഷം കോടി നല്‍കി. അംബാനിക്ക് 1.13 ലക്ഷം കോടിയും അദാനിക്ക് 72,000 കോടിയുമാണ് നല്‍കിയത്. ഇതിന്റെ ബാങ്ക് രേഖകളും മറ്റ് തെളിവുകളും ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് അടുത്തിടെ രാഹുല്‍ ആരോപിച്ചിരുന്നു. ബിജെപിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുപോലെ വെട്ടിലാക്കി.
വിജയ് മല്യയെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയാണെന്നത് വ്യാജ പ്രചാരണമാണ്. 1400 കോടിയുടെ വായ്‌പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് 2012ല്‍ എസ്ബിഐ വിജയ് മല്യയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ മല്യക്ക് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ വായ്‌പ നല്‍കി. മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത് തിരിച്ചു പിടിക്കുന്നതിന് നടപടികള്‍ ആരംഭിച്ചത്. മല്യയുടെ എഴുനൂറ് കോടി രൂപയുടെ ആസ്തികള്‍ ലേലത്തിന് വെച്ചു.
അദാനിയും അംബാനിയും മല്യയും രണ്ടര വര്‍ഷക്കാലത്തെ മോദി ഭരണത്തില്‍ ഉണ്ടായവരല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയോളം പഴക്കമുണ്ടെന്നും ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. രാഹുല്‍ ജനിക്കുന്നതിന് മുന്‍പ് വളര്‍ന്ന് വലുതായവരാണ്.
കളങ്കപ്പെട്ട പശ്ചാത്തലമാണ് ഇവര്‍ക്കുള്ളതെങ്കില്‍ എങ്ങനെയാണ് ഇത്രയും വളര്‍ന്നതെന്ന് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ്സാണ്. മല്യയെയും കിംഗ്ഫിഷര്‍ ഗ്രൂപ്പിനെയും കോണ്‍ഗ്രസ് സഹായിച്ചതിന് വേണ്ടത്ര തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















