ന്യൂദല്‍ഹി: പുതിയ 500 രൂപാ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് റിസര്‍വ്വ് ബാങ്ക്.
പ്രതിദിനം ഒരുകോടി അഞ്ഞൂറു രൂപാ നോട്ടുകളാണ് നാസിക്കിലെ പ്രസില്‍ മാത്രം അച്ചടിക്കുന്നത്. നേരത്തെ 35 ലക്ഷം നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്താണിത്. 100,50,20 രൂപാ നോട്ടുകളുടെ അച്ചടിയും പുരോഗമിക്കുകയാണ്. നാസിക്കില്‍ പുതിയ രണ്ടായിരം രൂപാ നോട്ടുകളുടെ പ്രിന്റിംഗ് നടക്കുന്നില്ല.
വെള്ളിയാഴ്ച മാത്രം നാസിക്കില്‍ 1.10 കോടി എണ്ണം അഞ്ഞൂറു രൂപാ നോട്ടുകളും 1.2 കോടി നൂറു രൂപാ നോട്ടുകളും ഒരോ കോടി എണ്ണം വീതം 50, 20 രൂപാ നോട്ടുകളും അച്ചടിച്ചു. ജനുവരി 31ന് മുന്നോടിയായി എണ്‍പത് കോടി നോട്ടുകള്‍ കൂടി ഇവിടെ അച്ചടിക്കും. ഇതില്‍ പകുതിയും പുതിയ അഞ്ഞൂറു രൂപാ നോട്ടുകളായിരിക്കും.
രാജ്യത്ത് റിസര്‍വ് ബാങ്കിന് വേണ്ടി കറന്‍സി അച്ചടിക്കുന്ന നാല് പ്രസുകളാണുള്ളത്. കര്‍ണ്ണാടകയിലെ മൈസൂരിലും ബംഗാളിലെ സല്ബോനിലും റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള പ്രസുകളും നാസിക്കിലും ദേവാസിലും സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്റെ പ്രസുകളുമാണ് കറന്‍സി അച്ചടി നിര്‍വഹിക്കുന്നത്.
ഞായറാഴ്ചയിലെ അവധി ഒഴിവാക്കിയും ജോലി സമയം 11 മണിക്കൂറായി ഉയര്‍ത്തിയുമാണ് തൊഴിലാളികള്‍ പുതിയ അച്ചടി ജോലികള്‍ നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: