കണ്ണൂര്‍: കണ്ണൂര്‍ ഉരുവച്ചാല്‍ അണ്ടത്തോട് കഴിഞ്ഞദിവസം നടന്ന മുഹമ്മദ് അഷ്‌റഫിന്റെ മകന്റെ വിവാഹം വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. കല്ല്യാണത്തോടൊപ്പം മാലിന്യക്കൂമ്പാരങ്ങള്‍ കൊണ്ട് നിറയുന്ന കാലഘട്ടത്തില്‍ പ്ലാസ്റ്റിക് മുക്തവും മാലിന്യ മുക്തവുമായാണ് മുഹമ്മദ് അഷ്‌റഫ് തന്റെ മകന്‍ നബീല്‍ മുഹമ്മദിന്റെ വിവാഹം നടത്തിയത്. പേപ്പര്‍ പ്ലേറ്റുകള്‍ക്കും ഗ്ലാസ്സുകള്‍ക്കും പകരം ഭക്ഷണവിതരണത്തിന് സ്റ്റീല്‍ പാത്രങ്ങളാണ് പൂര്‍ണ്ണമായും ഉപയോഗിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സംസ്‌കരിക്കുന്നതിനും പ്രത്യേകസംവിധാനമൊരുക്കിയിരുന്നു. മംഗളകര്‍മ്മങ്ങള്‍ക്ക് ശേഷം ബാക്കിവരുന്ന അവശിഷ്ടങ്ങള്‍ ആരും കാണാതെ വഴിവക്കില്‍ വലിച്ചെറിയുന്ന കാലഘട്ടത്തിലാണ് അല്‍പം പോലും പരിസ്ഥിതി മലിനമാക്കാതെ കാര്യങ്ങള്‍ ചെയ്തത്. വധൂവരന്‍മാര്‍ക്കുള്ള ആശംസ ഫഌക്‌സുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പകരം തുണിയിലാണ് പ്രിന്റ് ചെയ്തത്. ഇത്തരം പൊതു ചടങ്ങുകള്‍ക്ക് മാത്രമല്ല ജീവിതത്തിലുടനീളം മുഹമ്മദ് അഷ്‌റഫ് പരിസ്ഥിതി സൗഹൃദമായ കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളു. അതോടൊപ്പം തന്നെ ശുചിത്വ സന്ദേശം മറ്റുള്ളവരിലെത്തിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
















