ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ 92-ാം ജന്മദിനമായ ഇന്ന് രാജ്യമെങ്ങും സദ്ഭരണ ദിനമായി ആചരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തിലാണ് സദ്ഭരണ ദിനാചരണ പരിപാടികള്‍.
ദല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ ഔദ്യോഗിക വസതിയില്‍ കഴിയുന്ന വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. എല്‍.കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും വാജ്‌പേയിയെ സന്ദര്‍ശിച്ച് ജന്മദിനാശംസകള്‍ നേരും.
പാര്‍ട്ടിതലത്തിലും വലിയ ആഘോഷപരിപാടികള്‍ ജന്മദിനത്തിന്റെ ഭാഗമായി നടക്കും. ദല്‍ഹിയില്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 25,000 ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തില്‍പങ്കാളികളാകും.
മുംബൈയില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സാസംക്കാരിക പരിപാടിയും വാജ്‌പേയിയുടെ കവിതകള്‍ കോര്‍ത്തിണക്കി സംഗീത പരിപാടിയും ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് അടക്കമുള്ളവര്‍ പരിപാടികളില്‍ പങ്കെടുക്കും.
















