ന്യൂദല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ കള്ളനോട്ട് സംഘത്തില്‍ പെട്ട, മലപ്പുറം സ്വദേശി പൊടി സലാം എന്ന അബ്ദുള്‍ സലാമിന്റെ അറസ്റ്റ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വലിയ നേട്ടം. സൗദിയില്‍ നിന്ന് നാടുകടത്തിയ സലാമിനെ ദല്‍ഹി വിമാനത്താവളത്തിലാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. ദാവൂദിന്റെ വലംകൈയായ അഫ്താബ് ബക്തിയുമായി അടുത്ത ബന്ധമുള്ളയാളാണ് സലാം.
ദാവൂദ് സംഘാംഗമായ ഇയാളെ 2014 മുതല്‍ എന്‍ഐഎ തേടുകയാണ്. നെടുമ്പാശേരിയില്‍ നിന്ന് 2014ല്‍ ഒന്‍പതു ലക്ഷം രൂപ പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഇയാള്‍ക്കു വേണ്ടി വലവിരിച്ചിരുന്നത്. യുഎഇയില്‍ നിന്ന് ഉയര്‍ന്ന മൂല്യമുള്ള കള്ളനോട്ടുകള്‍ ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ ജോലി. കള്ളപ്പണവേട്ടക്കിടെ അബിദ് ചുള്ളക്കുളവന്‍ പിടിയിലായിരുന്നു ഇയാളില്‍ നിന്നാണ് സലാമിന്റെ പേര് അന്ന് എന്‍ഐഎക്ക് ലഭിച്ചത്.
സലാമും ആബിദും ചേര്‍ന്നാണ് കള്ളനോട്ട് ഭാരതത്തിലേക്ക് എത്തിച്ചത്. ഇയാളുടെ അറസ്റ്റ് ഈ മാഫിയയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശും.
















