പത്തനാപുരം: കുടിവെള്ളത്തിലും അഴിമതി. ഇരുമ്പ് പൈപ്പുകള്‍ക്ക് പകരം പി.വി.സി. ഉപയോഗിച്ചത് മൂലം കുടിവെള്ള പദ്ധതി താറുമാറിലായി. വെട്ടിക്കവല ഗാന്ധിഗ്രാം വാര്‍ഡിലെ ചേന്നങ്കുഴി കുടിവെള്ള പദ്ധതിയാണ് ഉദ്യോഗസ്ഥരുടേയും കരാറുകാരന്റെയും അഴിമതി മൂലം നാട്ടുകാര്‍ക്ക് ഉപയോഗപ്രദമാകാതെ പോയത്. റോഡിന് മീതെ സ്ഥാപിച്ച പിവിസി പൈപ്പ്‌ലൈനുകള്‍ പൊട്ടുന്നത് ഇവിടെ പതിവാണ്. കുടിവെള്ളം പമ്പ് ചെയ്യുന്നതിനുള്ള വൈദ്യുതചാര്‍ജ്ജും പമ്പ് ഓപ്പറേറ്റര്‍ക്കുള്ള വേതനവും ഗുണഭോക്താക്കളില്‍ നിന്നാണ് ഈടാക്കുന്നത്. ഇതിന് പിന്നാലെ നിരന്തര പൈപ്പ് പൊട്ടലിനെ തുടര്‍ന്നുള്ള അറ്റകുറ്റ പണികള്‍ക്കും പണം കണ്ടെത്തേണ്ട സ്ഥിതി വന്നതോടെയാണ് ഗുണഭോക്താക്കള്‍ ഇരട്ടി ദുരിതത്തിലായത്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ ചേന്നങ്കുഴിയില്‍ 2015 മാര്‍ച്ചില്‍ തുടങ്ങിയ പദ്ധതിയാണ് ഒരു വര്‍ഷം പിന്നിട്ടതോടെ തകര്‍ച്ചയിലായത്. മുപ്പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലക്ഷ്യമിട്ട പദ്ധതിക്ക് പത്ത് ലക്ഷത്തിലേറെ ചെലവാക്കിയിരുന്നു. കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നായിരുന്നു പണം അനുവദിച്ചത്. ഒരടി താഴ്ചയില്‍ മണ്ണിനടിയില്‍ സ്ഥാപിക്കേണ്ട പൈപ്പുകള്‍ ഭൂമിക്ക് മുകളിലൂടെയാണ് കടന്ന് പോകുന്നത്. റോഡ് മുറിച്ച് കടക്കുന്ന ഭാഗത്തും അരയടി താഴ്ചയില്‍ മാത്രമാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. ഭാര വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പൈപ്പ് പൊട്ടല്‍ പതിവാണ്. പി.വി.സി പൈപ്പിന് പകരം പദ്ധതിക്ക് ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാല്‍ മീറ്ററിന് മുന്നൂറ് രൂപ വീതം അധികം ചെലവാക്കേണ്ടി വരുമായിരുന്നു. ഈ പണം ലാഭിക്കാനാണ് പദ്ധതിക്ക് പിവിസി ഉപയോഗിച്ചതെന്നാണ് പ്രദേശവാസികള്‍ പരാതി പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞ നാള്‍ മുതല്‍ പലയിടത്തായി നിരവധി തവണ പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നത് കാരണം പദ്ധതിയുടെ പൂര്‍ണ്ണ പ്രയോജനം ല’ിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പി.വി.സി. പൈപ്പുകള്‍ മാറ്റി പകരം നിലവാരമുള്ള ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ചില്ലങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് രമേഷ് മേലില പറഞ്ഞു.
















