കുറവിലങ്ങാട്: പൊതുമരാമത്ത് വകുപ്പിന്റെ കൈവശമെന്ന് റവന്യു രേഖകള്‍ സാക്ഷ്യപ്പെടുത്തിയ ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയിട്ടും നടപടി വൈകിപ്പിച്ച് അധികൃതര്‍. കുറവിലങ്ങാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ പരിധിയിലാണ് വ്യാപക കയ്യേറ്റം നടക്കുന്നത്. എം.സി. റോഡ് വികസനത്തിന്റെ ഭാഗമായി റവന്യു വകുപ്പ് ഏറ്റെടുത്ത് അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളില്‍ കയ്യേറ്റം നടത്തുവാന്‍അവസരം നല്‍കിയിരിക്കുകയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍. ഏറ്റുമാനൂര്‍ മുതല്‍ കൂത്താട്ടുകുളം വരെയുള്ള ഭാഗങ്ങളിലാണ് കയ്യേറ്റം. കൂടാതെ കിടങ്ങൂര്‍-അങ്കമാലി റോഡിന്റെ പല സ്ഥലങ്ങളിലും കയ്യേറ്റം നടന്നിട്ടുണ്ട്. മുന്‍ കോട്ടയം ജില്ലാ കളക്ടര്‍ കയ്യേറിയ ഭൂമികള്‍ കണ്ടെത്തി തിരിച്ചുപിടിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും റവന്യു-പൊതുമരാമത്ത് ഉദ്യോഗസ്ഥ ലോബി പദ്ധതി അട്ടിമറിച്ചു. മീനച്ചില്‍ തഹസില്‍ദാറിന്റെ പരിധിയിലുള്ള പൊതുമരാമത്ത് റോഡ് വികസനവുമായി ഏറ്റെടുത്ത് വീതികൂട്ടിയ സ്ഥലങ്ങളുടെ രേഖകള്‍ പോലും ബന്ധപ്പെട്ട ഓഫീസുകളില്‍ സൂക്ഷിച്ചിട്ടില്ല. കഴിഞ്ഞദിവസം ഉഴവൂര്‍ വില്ലേജ് പരിധിയില്‍ അരീക്കര പാറത്തോട് ഭാഗത്ത് പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയതായി കോട്ടയം ജില്ലാ കളക്ടര്‍, പാലാ ആര്‍ഡിഒ എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. കയ്യേറ്റം നടത്തിയ സ്വകാര്യ വ്യക്തി കയ്യേറ്റം നടത്തിയത് തടഞ്ഞ പ്രദേശവാസികള്‍ക്കെതിരെ രാമപുരം പോലീസില്‍ പരാതി നല്‍കി കള്ളക്കേസ് എടുപ്പിക്കാനും, കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് നേടുവാനുള്ള നീക്കമാണ് നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഡിസംബര്‍ ആറിന് കയ്യേറ്റം നടത്തിയ സ്ഥലത്ത് എത്തിയ രാമപുരം പോലീസ് കയ്യേറ്റം നടത്തിയ വ്യക്തിക്ക് അനുകൂലമായാണ് നടപടികള്‍ സ്വീകരിച്ചത്. രാമപുരം പോലീസിന്റെ കയ്യേറ്റക്കാരെ സഹായിക്കുന്ന നടപടിക്കെതിരെ ഉന്നത പോലീസ് ഉദ്യോസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
















