ഗാന്ധിനഗര്‍: മൃതദേഹം സൂക്ഷിക്കുവാന്‍ ആവശ്യമായ ശീതീകരണികളില്ലാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. രണ്ടുഭാഗങ്ങളിലായി പന്ത്രണ്ട് ശീതീകരണികളാണ് ഇവിടെയുള്ളത്. ഇതില്‍ ഒരു ഭാഗത്തുള്ള 6 ശീതീകരികളും യന്ത്രത്തകരാറുമൂലം മാസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. ഇതിന്റെ യന്ത്രഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കാനോ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കുവാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റൊരു ഭാഗത്തുള്ള 6 ശീതീകരണികളില്‍ അഞ്ചെണ്ണത്തിലും അജ്ഞാതമൃതദേഹങ്ങള്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരെണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്.
ആശുപത്രിയില്‍വച്ചു മരിക്കുന്നതും മരിച്ചതിന് ശേഷം മെഡിക്കല്‍ കോളേജിലെത്തിക്കുന്നതുമായ മൃതദേഹങ്ങള്‍ സൂക്ഷിക്കുവാന്‍ ഇതുമൂലം കഴിയുന്നില്ല. നവംബര്‍ 1നും 22നും ഡിസംബര്‍ 3,17,18 തീയതികളില്‍ മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇവിടെയുള്ളത്. എറണാകുളത്തുനിന്നും കൊല്ലത്തുനിന്നും കോട്ടയത്തുനിന്നുമാണ് മൃതദേഹങ്ങള്‍ എത്തിച്ച് മോര്‍ച്ചറിയില്‍ വച്ചിട്ടുള്ളത്. ഡിസംബര്‍ 15ന് മെഡിക്കല്‍ കോളേജില്‍നിന്ന് ചികിത്സകഴിഞ്ഞ് പുറത്തിറങ്ങിയ അജ്ഞാതന്‍ 18ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഒരാള്‍ കുഷ്ഠരോഗിയായിരുന്നു. അജ്ഞാത മൃതദേഹങ്ങള്‍ നിയമാനുസരണം നീക്കം ചെയ്തെങ്കില്‍ മാത്രമേ ഇപ്പോള്‍ സംജാതമായിട്ടുള്ള അനിശ്ചിതത്വത്തിന് ഒരുപരിധിവരെ പരിഹാരമാകൂ. അതിനുള്ള നടപടികള്‍ സത്വരമായി ആശുപത്രി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ജനാഭിപ്രായം.
















