പീരുമേട്: വണ്ടിപ്പെരിയാര്‍ സത്രംവഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചിട്ടും സത്രത്തില്‍ വനിത പോലീസിനെ നിയമിച്ചിട്ടില്ല. നിരവധി തീര്‍ത്ഥാടകരാണ് ഇതുവഴി കടന്നുപോകുന്നത്. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട്, എന്നിവിടങ്ങളിലുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത് എളുപ്പവഴിയാണ്.
ഇവിടങ്ങളിലെ തീര്‍ത്ഥാടകര്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് പലക്ഷേത്രങ്ങളിലും ദര്‍ശനം നടത്താറുണ്ട്. ഇങ്ങനെ വരുന്നവര്‍ പലരും കുടുംബമായാണ് പുറപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിലും ഇവര്‍ ദര്‍ശനം നടത്തുന്നു.
ഇതില്‍ ശബരിമലയില്‍ മാത്രമാണ് സ്ത്രീകള്‍ക്കും 10 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ എത്തുന്നവര്‍ പമ്പയിലും മറ്റും തങ്ങുകയാണ് പതിവ്.
എന്നാല്‍ വണ്ടിപ്പെരിയാര്‍ വഴി വനിതാപോലീസിന്റെ പരിശോധന സംവിധാനം ഇല്ലാത്തതിനാല്‍ ഇത് വഴി നിയമം ലംഘിച്ച് ഇവര്‍ എത്തുന്നതിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
















