പത്തനാപുരം: പഞ്ചായത്ത് തല കേരളോത്സവങ്ങള്‍ പ്രഹസനമാകുന്നു. കേരളോത്സവത്തിന്റെ മറവില്‍ പഞ്ചായത്തുകള്‍ കൊള്ളയടിക്കുന്നത് ലക്ഷങ്ങള്‍. മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കാന്‍ പഞ്ചായത്തുകള്‍ തയ്യാറല്ല. പങ്കാളിത്തക്കുറവും സംഘാടനത്തിലെ പോരായ്‌മകളും മൂലം കേരളോത്സവങ്ങള്‍ വഴിപാടാക്കുകയാണ് പല പഞ്ചായത്തുകളും. മിക്ക മത്സരഇനങ്ങളിലും പങ്കെടുക്കാന്‍ ഒരു മത്സരാര്‍ഥി പോലുമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ബ്ലോക്ക് തലത്തിലേക്ക് വരുമ്പോഴേക്കും ഏതെങ്കിലും മത്സരാര്‍ത്ഥികളെ തിരുകികയറ്റുന്ന സ്ഥിതിയുണ്ട്. കലാ മത്സരങ്ങളും കായികമത്സരങ്ങളും ഒരു ദിവസം കൊണ്ട് തീര്‍ക്കുന്ന രീതിയിലാണ് പഞ്ചായത്തുതലങ്ങളില്‍ കേരളോത്സവങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പലര്‍ക്കും ഒന്നിലധികം ഇനങ്ങളില്‍ പങ്കെടുക്കാനും കഴിയാത്ത അവസ്ഥയുണ്ട്. കായിക ഇനങ്ങളില്‍ ചെറിയ തോതിലെങ്കിലും പങ്കാളിത്തമുണ്ടെങ്കിലും കലാമത്സരങ്ങളെ പൂര്‍ണമായും തഴഞ്ഞ മട്ടാണ്. 15 വയസു മുതല്‍ 35 വയസുവരെയുള്ളവരാണ് കേരളോത്സവ മത്സര ഇനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ തന്നെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളാണ് മത്സരാര്‍ത്ഥികള്‍ ഏറെയും. സ്‌കൂളുകളിലും മറ്റും പരീക്ഷ കൂടിയായതോടെ പങ്കാളിത്തം തീരെ കുറഞ്ഞു. ഗ്രാമീണമേഖലകളിലുള്ളവരുടെ കലാകായികപരമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരളോത്സവങ്ങള്‍ പലതും വകയിരുത്തിയിരിക്കുന്ന തുക ചിലവഴിക്കാനുള്ള പ്രഹസനമേളയായി മാറി.
















