പെരുമ്പാവൂര്‍: മായക്കാഴ്ചയിലെ മരണക്കയങ്ങള്‍ ഒളിച്ചിരിക്കുന്ന പാണിയേലി പോരിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഒരു പ്രത്യേകത തന്നെയുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമെത്തുന്നവര്‍ക്ക് ഒന്ന് രണ്ട് പട്ടണങ്ങള്‍ കടന്നുവേണം പോരില്‍ എത്തിച്ചേരാന്‍. നഗരമദ്ധ്യത്തിലെ അസഹ്യമായ കൊടും ചൂടില്‍ നിന്ന് കാനനഭംഗിയുടെ ശീതള ഛായയിലേക്കാണ് പോര് എന്ന വിനോദ സഞ്ചാര കേന്ദ്രം ആളുകളെ സ്വീകരിക്കുന്നത്.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഈ കേന്ദ്രം. 1700 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന വനഭൂമിയാണ് ഇവിടത്തെ പ്രത്യേകത. ആനയും, കാട്ടുപന്നിയും, മാന്‍, മ്ലാവ് എന്നിവയടക്കമുള്ള മൃഗങ്ങളും കാട്ടുകോഴി, മയില്‍ തുടങ്ങിയ വിവിധയിനം പക്ഷികളും ഈ വനത്തിലുണ്ട്. എന്നാല്‍ ഇവയൊന്നും കാണുന്നതിനല്ല സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്.
ഈ വനപ്രദേശത്തിന്റെ ഹൃദയഭാഗത്തുകൂടി ആരെയും കൊതിപ്പിച്ചുകൊണ്ടാണ് പെരിയാര്‍ ഒഴുകുന്നത്. ഒഴുക്കിന് ശക്തിയും ജലത്തിന്റെ അളവും വളരെ കുറവുമാണ്.
വനസൗന്ദര്യ ലഹരിയിലൂടെ കളം കളം പാടി ചെറുതും വലുതുമായ പാറക്കെട്ടുകളെ പുണര്‍ന്ന് ആരിലും ല ഹരി നുരയുന്നവിധത്തില്‍ കുണുങ്ങിയൊഴുകുന്ന ഇതേ പെരിയാര്‍ തന്നെയാണ് ഇവിടെ മനുഷ്യ ജീവനുകളെ മാടിവിളിക്കുന്നത്. ഇങ്ങനെ മാടിവിളിച്ച നാല് പേരാണ് കഴിഞ്ഞദിവസം സുന്ദരിപെരിയാര്‍ മാടിവിളിച്ചത്. കരയിലെത്തുന്നവരെ കാഴ്ചയുടെ ലോകം സമ്മാനിച്ച് ഈപുഴ തന്നിലേക്ക് ആകര്‍ഷിക്കുകയാണ്. വെള്ളത്തിന് മുകളില്‍ ഉയര്‍ന്ന് കാണുന്ന പാറക്കെട്ടുകള്‍ക്ക് മുകളിലുടെയൊരു മറുകരയാത്ര ഇവിടെയത്തുന്ന ആരും കൊതിച്ചു പോകും.
ഇത്തരം യാത്രകളാണ് പലപ്പോഴും വന്‍ ദുരന്തങ്ങളില്‍ കലാശിക്കുന്നത്. പായല്‍ പിടിച്ച് തെന്നലുള്ള പാറകളിലൂടെയുള്ള യാത്രകള്‍ അപകടം നിറഞ്ഞതാണ്. പല ഭാഗങ്ങളിലും പതിയിരിക്കുന്ന അപകടക്കുഴികള്‍ ഉല്ലാസത്തിനെത്തുന്നവര്‍ക്ക് ദുഃഖമാണ് സമ്മാനിക്കുന്നത്. ഇത്തരം മരണക്കയങ്ങള്‍ മനസ്സിലാക്കാതെ പുഴയിലേക്കിറങ്ങുന്നവരാണ് മരണത്തിന് കീഴടങ്ങുന്നത്. ഇവിടെ പാറയിടുക്കില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുത്താനാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സാധാരണ ദിവസങ്ങളില്‍ മുന്നൂറില്‍ അധികം സന്ദര്‍ശകരാണ് പാണിയേലി പോരിലേക്ക് എത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരത്തി അഞ്ഞുറോളം പേര്‍ ഇവിടേക്കെത്തുന്നുണ്ട്. പോര് എന്നത് ചുഴി രൂപത്തില്‍ പുഴ കുത്തിയൊഴുകുന്ന പ്രദേശമാണ്. ശാന്തമായൊഴുകുന്ന പുഴയുടെ രൗദ്രഭാവമാണ് ഇവിടെ കാണുന്നത്. ഇത്തരം കാഴ്ചകള്‍ ആസ്വദിക്കുന്നതിന് സഞ്ചാരികള്‍ക്ക് പുഴയരികിലൂടെ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ദുരന്തമുള്‍പ്പെടെ ആകെ 98 പേരുടെ ജീവനാണ് പാണിയേലി പോരിന്റെ മായക്കാഴ്ചകളില്‍ മറഞ്ഞിരിക്കുന്ന മരണക്കയങ്ങള്‍ തട്ടിയെടുത്തത്.
















