മുട്ടില്‍ : സമാജം എന്റേതാണെന്ന ഭാവമാണ് സേവനത്തിന്റെ ആധാരമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘം പ്രാന്ത പ്രചാരക് പി.എന്‍.ഹരികൃഷ്ണന്. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവാ ഇന്റര്‍നാഷണല്‍ അനുവദിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രവും സമാജവും എന്റേതാണെന്ന ഭാവമാണ് സ്വയംസേവകരില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്‍കുന്നത്. ഈയൊരു തിരിച്ചറിവാണ് സംഘത്തിന്റെ ശാഖകളിലൂടെ സ്വയംസേവകരില്‍ ഉണ്ടാക്കിയെടുക്കുന്നത്. സേവനത്തിന്റെ ഗുണഫലങ്ങള്‍ അവശതയനുഭവിക്കുന്നവരില് എത്തിച്ചേരണം, ഇവിടെ ജാതിമത രാഷ്ട്രീയ ചിന്തകള്‍ സ്വയം സേവകരില്‍ ഉണ്ടാകാറില്ല, രാജ്യത്തിലാകമാനം ആയിരകണക്കിന് സേവന പദ്ധതികളും പ്രവര്‍ത്തനങ്ങളും സ്വയംസേവകര്‍ ഏറ്റെടുത്ത് നടത്തിവരുന്നു. ഇല്ലായ്മയും വല്ലായ്മയും ഐശ്വര്യപൂര്‍ണ്ണമായി പൂത്തുലഞ്ഞ് നില്ക്കുന്ന സമാജമാണ് നാം യഥാര്‍ത്ഥത്തില്‍ നാം പ്രാര്‍ത്ഥനയില്‍ പ്രതിപാദിക്കുന്ന വൈഭവം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ സമാജത്തിന്റെ കുറവുകള്‍ നകത്തി വൈഭവ പൂര്‍ണ്ണമായ സമാജത്തെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനം തന്നെയാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മെഡിക്കല്‍ മിഷന് പ്രസിഡന്റ് ഡോ. പി.നാരായണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ ദീപ പ്രോജ്വലനം നടത്തി. സഹ പ്രാന്തപ്രചാരക് എസ്.സുദര്ശന്, വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണന്, പള്ളിയറ രാമന്, മധുകര്‍ ഗോറെ, മെഡിക്കല്‍ മിഷന് സെക്രട്ടറി കെ.എ.അശോകന്, ഡയറക്ടര്‍ വി.കെ.ജനാര്ദ്ദനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: