ബെംഗളൂരു; പാക്കിസ്ഥാനില്‍ നിന്നുള്ള രണ്ടു വയസുകാരി സീനിയക്ക് ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയില്‍ രോഗമുക്തി. മജ്ജ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കുഞ്ഞിന് രോഗം ഭേദമായി വരുന്നു.
മജ്ജയില്‍ വെള്ളരക്താണുക്കള്‍ ഇല്ലാതാകുന്ന ഹീമോഫഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസിസ് എന്നരോഗമാണ് സീനിയെ ബാധിച്ചിരുന്നത്. ലാഹോറിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സിയാ ഉള്ളയാണ് സീനിയയുടെ പിതാവ്. ലഹോര്‍, കറാച്ചി, റാവല്‍പിണ്ഡി തുടങ്ങി പാക്കിസ്ഥാനിലെ മിക്ക സുപ്രധാനനഗരങ്ങളിലെ ആശുപത്രികളിലും ഈ രോഗചികില്‍സക്കുള്ള മാര്‍ഗം ഇല്ലെന്ന് വ്യക്തമായതോടെയാണ് നാരായണ ഹെല്‍ത്ത് സിറ്റിയില്‍ എത്തിയത്.
തങ്ങളുടെ ഏഴു വയസുകാരന്‍ റിയാന്റെ മജ്ജ തന്നെയാണ് കുഞ്ഞുപെങ്ങള്‍ക്കു വേണ്ടി എടുത്തത്. ആഗസ്റ്റിലാണ് അവനില്‍ നിന്ന് ആദ്യ സ്‌റ്റെം കോശം എടുത്തത്. അവന്‍ കുഞ്ഞായതിനാല്‍ ആറാഴ്ച കഴിഞ്ഞ് വീണ്ടും രക്തകോശം എടുത്ത് രണ്ടും കൂട്ടിക്കലര്‍ത്തിയാണ് സീനിയക്ക് മാറ്റിവച്ചത്.
















