സ്വന്തം ലേഖകന്‍
ചടയമംഗലം: മനുഷ്യത്വമില്ലാത്ത രാക്ഷസന്മാരുടെ കൂട്ടമായി സിപിഎം മാറിയെന്ന് കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ദേശീയ അദ്ധ്യാപക പരിഷത്ത് വൈസ്പ്രസിഡന്റ് സി.സദാനന്ദന്‍ മാസ്റ്റര്‍. ചടയമംഗലത്ത് മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് പോയി പണിനോക്കടോ എന്ന് ആക്രോശിക്കുന്ന മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്ന മാടമ്പിപാര്‍ട്ടിയാണത്. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെ മനുഷ്യരായി പരിഗണിക്കാത്ത ക്രൂരതയാണ് കണ്ണൂരില്‍ നടക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ കൊലപാതകങ്ങള്‍ വര്‍ധിച്ചു. പിണറായി പഞ്ചായത്തില്‍ മനുഷ്യവിസര്‍ജ്യവും തലമുടി മാലിന്യവും വലിച്ചെറിഞ്ഞതുമൂലം പതിനാറ് കിണറുകളാണ് മൂടിയത്. അഞ്ച് മാസം കൊണ്ട് ഇരുന്നൂറിലധികം വീടുകളാണ് തകര്‍ത്തിരിക്കുന്നത്.
കണ്ണൂരില്‍ കൊല്ലപ്പെട്ട 84 ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ അറുപത്തിനാല് പേരും ഒരുകാലത്ത് ചെങ്കൊടി പിടിച്ചവരാണ്. അംഗവൈകല്യം സംഭവിച്ചവരും മരണത്തോട് മല്ലടിച്ച് കഴിയുന്നവരും നിരവധിയാണ്. എഴുത്തുകാരന്‍ സക്കറിയയെ പൊതുവേദിയില്‍ തല്ലി. സി.വി.ബാലകൃഷ്ണന്റെ മതിലില്‍ വധഭീഷണി എഴുതി. കല്ലേന്‍ പൊക്കുടനെന്ന ദളിത്-പരിസ്ഥിതി പ്രവര്‍ത്തകനെ നിരന്തരം പീഡിപ്പിച്ചു. ചിത്രലേഖ എന്ന ദളിത് ഓട്ടോറിക്ഷാഡ്രൈവറെ നാടുകടത്തി. ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ തെരഞ്ഞെടുപ്പിനിറങ്ങിയ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഓടിച്ചു. കോണ്‍ഗ്രസ് നേതാവായ സുധാകരന് പോലും ഗണ്‍മാനില്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് സദാനന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
















