കണ്ണൂര്‍: മുംബെയില്‍ നിന്നും ടൂറിസ്റ്റ് കാര്‍ ഓട്ടം പിടിച്ച് കണ്ണൂരിലെത്തിയപ്പോള്‍ വാടക നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ കാര്‍ഡ്രൈവറും സഹായിയും പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇരിട്ടി കിളിയന്തറയിലെ ചിറക്കല്‍ കുന്നത്ത് ഹൗസില്‍ വേണുവിന്റെ മകന്‍ മിഥുനിനെ (20) ആണ് ഇന്നലെ പുലര്‍ച്ചെ കാര്‍ ഡ്രൈവറും സഹായിയും ചേര്‍ന്ന് പിടികൂടിയത്. പൂനയില്‍ നിന്നും ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് മിഥുനും കൂട്ടുകാരനായ അഴീക്കോട് സ്വദേശി റിഫാസും ചേര്‍ന്ന് 12000 രൂപ വാടക പറഞ്ഞ് കാര്‍ വാടകക്ക് വിളിച്ചത്. ഇതില്‍ നാലായിരം രൂപ ആദ്യം തന്നെ ഡീസലടിക്കാനായി നല്‍കിയിരുന്നുവത്രെ. ബാക്കി പണം കണ്ണൂരിലെത്തിയാല്‍ തരാമെന്നായിരുന്നു വാക്കുപറഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ കാല്‍ടെക്‌സിലെത്തിയപ്പോള്‍ റിഫാസ് കാറില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് മിഥുനിനെ കയ്യോടെ പിടികൂടി ടൗണ്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ബംഗലൂരുവിലെ ഒരു ഹോട്ടലില്‍ ജോലിചെയ്യുന്ന മിഥുനും റിഫാസും ഒന്നരയാഴ്ചമുമ്പാണ് അമൃതസറിലും മറ്റും ചുറ്റിയടിക്കാന്‍ തുടങ്ങിയത്. തിരിച്ചുവരാന്‍ പൂനയിലെത്തിയപ്പോള്‍ കാര്‍ വാടകക്ക്‌വിളിക്കാന്‍ തിരുമാനിക്കുകയായിരുന്നു.
















