കൊല്ലം: ദേശീയപാതാ വിഭാഗം, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അധീനതയില്‍ വരുന്ന ദേശീയപാതകളിലും സംസ്ഥാന-ജില്ലാ പാതകളിലും പൊതുമരാമത്ത് വകുപ്പിന്റെ അനുവാദമോ അംഗീകാരമോ കൂടാതെ മറ്റ് വകുപ്പുകളും ഏജന്‍സികളും രാഷ്‌ട്രീയപാര്‍ട്ടികളും സന്നദ്ധസംഘടനകളും വ്യക്തികളും കൈയ്യേറി സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകളും ഫഌക്‌സുകളും 31നകം സ്വമേധയാ റോഡില്‍ നിന്നും നീക്കം ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതും റോഡിലെ വെള്ളം ഒഴുകിപോകുന്നതിന് തടസം സൃഷ്ടിക്കുന്നതും ഒഴിവാക്കുന്നതിനും പാതയുടെ വശങ്ങളില്‍ സ്‌റ്റോക്ക് ചെയ്തിരിക്കുന്ന നിര്‍മാണസാമഗ്രികളും കെട്ടിടങ്ങളുടെ ഇറക്കുകളും നീക്കം ചെയ്യുന്നതിനും ഈ സമയപരിധിക്കുള്ളില്‍ സ്വമേധയാ നടപടി സ്വീകരിക്കണം. ദേശീയപാത 66, കൊല്ലം-തിരുമംഗലം 744, കൊല്ലം-തേനി 183, ഭരണിക്കാവ്-വണ്ടിപ്പെരിയാര്‍ 183എ എന്നീ ദേശീയപാതകള്‍ക്കും ജില്ലയിലെ സംസ്ഥാന/ജില്ലാ പാതകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ജില്ലയിലെ സംസ്ഥാന/ജില്ലാ പാതകള്‍ സംരക്ഷിക്കുന്നതിനും കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷിത യാത്ര സാധ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നടപടി സ്വീകരിക്കുന്നത്. ഈ നിര്‍ദേശം പാലിക്കാത്തപക്ഷം കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കൈയ്യേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതും കയ്യേറ്റങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതുമായിരിക്കും.
















