ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിന്റെ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയിലെ വിവരങ്ങള്‍ പുറത്ത്. ഇടപാടുമായി ബന്ധപ്പെട്ട് 450 കോടി രൂപ പലര്‍ക്കായി നല്‍കി. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്‌ട്രീയ കുടുംബത്തിന് 120 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഡയറി കുറിപ്പില്‍ പറയുന്നു. എപിയെന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രാഷ്‌ട്രീയ നേതാവിന് 25 കോടി കിട്ടിയെന്നും വെളിപ്പെടുത്തലിലുണ്ട്.
കേസില്‍ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എസ്.പി ത്യാഗിയെ ചോദ്യം ചെയ്യുന്നത് തുടരുമ്പോഴാണ് ഹെലികോപ്റ്റര്‍ അഴിമതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ത്യാഗിയെ കഴിഞ്ഞദിവസം മൂന്ന് ദിവസത്തേയ്‌ക്ക് കൂടി കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ക്കൊക്കെ കൈക്കൂലി നല്‍കിയെന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍ തന്റെ ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് 60 കോടി രൂപ നല്‍കിയതായി ഇടനിലക്കാരന്‍ പറയുന്നുണ്ട്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ 50 കോടി രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. എസ്.പി ത്യാഗി വ്യോമസേനാ മേധാവിയായി ഇരിക്കെ രണ്ടര കോടി രൂപ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചതായി സിബിഐക്ക് തെളിവ് കിട്ടിയിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നും ആദ്യ കുറ്റപത്രം ഏതാനും ദിവസങ്ങള്‍ക്കകം നല്‍കുമെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
















