സതീഷ് വര്‍മ്മ
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ വ്യാജ അഴിമതി ആരോപണമുയര്‍ത്തിയത് ഇസ്രത് ജഹാന്‍ കേസ് അട്ടിമറിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതരെ ഭീഷണിപ്പെടുത്തി ഇസ്രത് കേസിലെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ ശ്രമിച്ച ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സതീഷ് വര്‍മ്മ.
കോണ്‍ഗ്രസിനു വേണ്ടി ഇസ്രത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സതീഷ്, നരേന്ദ്ര മോദിയെയും അമിത് ഷായെയും കേസില്‍ കുടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. നീപ്‌കോ വിജിലന്‍സ് ഓഫീസറായിരിക്കേ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ശിക്ഷാ നടപടികളുടെ ഭാഗമായി സിആര്‍പിഎഫിലാണ് സതീഷ് വര്‍മ്മ ഇപ്പോള്‍.
നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ (നീപ്‌കോ) നിര്‍മ്മിക്കുന്ന അരുണാചല്‍ പ്രദേശിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ കാമെങ്ങുമായി ബന്ധപ്പെട്ട 450 കോടി രൂപയുടെ അഴിമതി ആരോപണം വര്‍മ്മയുടെ മോദി വിരോധത്തില്‍ നിന്നുണ്ടായതാണ്. ചുമതലയില്‍ നിന്നു മാറ്റിയ ശേഷം പഴയ തീയതികളില്‍ കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് ഊര്‍ജ്ജമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
ജൂലൈ അഞ്ചിന് നീപ്‌കോ വിജിലന്‍സ് ഓഫീസര്‍ പദവിയില്‍നിന്ന് സിആര്‍പിഎഫ് ഐജിയായി മാറ്റി. ജൂലൈ 18, 25 തീയതികളിലാണ് കാമെങ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ ഫയലുകള്‍ വര്‍മ്മ അയച്ചത്. ചുമതല ഒഴിയുന്ന സമയം പത്തോളം ഫയലുകള്‍ തിരിച്ചേല്‍പ്പിച്ചിരുന്നുമില്ല. കൃത്യമായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് മൂന്നു തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാണ് ത്രിപുരയില്‍ സിആര്‍പിഎഫിലേക്ക് മാറ്റിയത്.
കാമെങ് പദ്ധതിയുടെ പണം ലഭിച്ചില്ലെന്ന് കാണിച്ച് 2015 സെപ്തംബര്‍ 29ന് ഗ്രാമീണര്‍ സ്ഥലം എംപി കിരണ്‍ റിജിജുവിന് നിവേദനം നല്‍കി. ഇത് നവംബര്‍ ഒമ്പതിന് മന്ത്രി ഊര്‍ജ്ജമന്ത്രാലയത്തിന് കൈമാറി. വര്‍മ്മയുടെ അംഗീകാരത്തോടെ നവംബര്‍ നാലിന് തന്നെ 60 ശതമാനം തുകയും കരാറുകാര്‍ക്ക് കൈമാറി. ഇക്കാര്യവും കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന് ബോധ്യപ്പെട്ടു. തുക കൈമാറിയ വിവരം ഊര്‍ജ്ജ മന്ത്രാലയം റിജിജുവിനെ ഡിസംബര്‍ 31ന് അറിയിച്ചു. നീപ്‌കോ പൊതുമേഖലാ സ്ഥാപനമാണെന്നും പണം നല്‍കാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കാറില്ലെന്നും ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ഊര്‍ജ്ജമന്ത്രിയും കിരണ്‍ റിജിജുവും തമ്മില്‍ നടന്ന ഔദ്യോഗിക കത്തിടപാടാണ് അഴിമതിയായി സതീഷ് വര്‍മ്മ ആരോപിച്ചത്. കോണ്‍ഗ്രസ് മാത്രമാണ് ഇതേറ്റു പിടിച്ചത്.
2014 ഒക്ടോബറിലാണ് വര്‍മയെ നീപ്‌കോ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചത്. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ മോദി സര്‍ക്കാര്‍ അംഗീകരിച്ച് ഷില്ലോങ്ങില്‍ നീപ്‌കോയില്‍ നിയമിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയിലെ ജോയിന്റ് സെക്രട്ടറി ആര്‍.വി.എസ്. മണിയെ ഇസ്രത് കേസ് വ്യാജമെന്ന് മൊഴി നല്‍കാന്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതടക്കമുള്ള ആരോപണങ്ങളാണ് വര്‍മ്മയ്‌ക്കെതിരെയുള്ളത്.
ഇസ്രത് കേസില്‍ തെളിവുകള്‍ ശേഖരിക്കുകയല്ല, ഉണ്ടാക്കിയെടുക്കുകയാണ് സതീഷ് വര്‍മ്മയുടെ ദൗത്യമെന്ന് നിരവധി ഐബി ഉദ്യോഗസ്ഥര്‍ സിബിഐ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
















