പേരൂര്‍ക്കട: ഗവ. ജില്ലാ മാതൃകാ ആശുപത്രിയില്‍ 24 മണിക്കൂര്‍ മുടങ്ങിയ കുടിവെള്ളവിതരണം പുന:സ്ഥാപിച്ചു. കഴിഞ്ഞദിവസം രാവിലെ 10 മണിമുതലാണ് ആശുപത്രിയില്‍ കുടിവെള്ളം നിലച്ചത്. പേരൂര്‍ക്കട ലോ അക്കാദമിക്കു സമീപം സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലെ ലെവല്‍ കുറവായതിനാല്‍ പമ്പിംഗ് സാദ്ധ്യമല്ലാതെ വന്നതാണ് പ്രശ്‌നത്തിനു കാരണമെന്നു സെക്ഷന്‍ എ.ഇ പറയുന്നു. അരുവിക്കരയില്‍നിന്ന് പൂര്‍ണ്ണതോതില്‍ എത്തുന്ന ജലം പേരൂര്‍ക്കട സംഭരണിയില്‍ ആവശ്യത്തിന് നിറയാത്തത് എന്തുകൊണ്ടാണെന്നുള്ളതിന് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ഒരുദിവസം മുഴുവന്‍ കുടിവെള്ളം മുടങ്ങിയതോടെ നൂറുകണക്കിന് രോഗികള്‍ കുപ്പിവെള്ളത്തെ ആശ്രയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിമുതലാണ് ആശുപത്രിയിലെ എല്ലാ വാര്‍ഡുകളിലും വെള്ളം കിട്ടിത്തുടങ്ങിയത്. വൈകുന്നേരമായപ്പോള്‍ പൂര്‍ണ്ണതോതില്‍ കുടിവെള്ളം ലഭ്യമാകുകയായിരുന്നു.
















