കാഞ്ഞാര്‍: കോടതി കവലയിലുള്ള വെയിറ്റിങ് ഷെഡിന് മുമ്പില്‍ ബസ് നിര്‍ത്താതെ കോടതി കവലയില്‍ തന്നെ ബസ് നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മറ്റ് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇത് മുലം കവലയില്‍ ഗതാഗത തടസം ഒഴിഞ്ഞ നേരമില്ല എന്നതാണ് അവസ്ഥ.
മുട്ടത്ത് ചേര്‍ന്ന ഗതാഗത ഉപദേശക സമിതിയുടെ തീരുമാനപ്രകാരം മൂന്ന് മാസം മുമ്പ് ബസുകള്‍ കോടതി കവലയില്‍ നിന്നും മാറ്റി വെയിറ്റിങ് ഷെഡിനു സമീപത്ത് നിര്‍ത്തുവാന്‍ നടപടി സ്വീകരിച്ചിരുന്നു. ബസുകള്‍ കോടതി കവലയില്‍ നിന്നും മാറ്റിയാണോ നിര്‍ത്തുന്നത് എന്ന് നിരീക്ഷിക്കുവാന്‍ പോലീസിനെ ഡ്യൂട്ടിക്കിട്ടിരുന്നു. പഞ്ചായത്ത് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതായി സൂചനാ ബോര്‍ഡും വെച്ചതാണ്. ഒരു മാസക്കാലം ബസുകള്‍ വെയിറ്റിങ് ഷെഡിന് മുമ്പില്‍ നിര്‍ത്തിയിരുന്നു.
പിന്നീട് കാര്യങ്ങള്‍ പഴയപടിയായി. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ കോടതി ജങ്ഷനിലെ വെയിറ്റിങ് ഷെഡ് സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുന്നു. ചപ്പുചവറുകള്‍ നി
റഞ്ഞ് തീര്‍ത്തും വൃത്തിഹീനമായി യാത്രക്കാര്‍ കൈയൊഴിഞ്ഞ നിലയിലാണ് ഇപ്പോഴത്തെ അവസ്ഥ.
പോളിടെക്‌നിക്, ഐ എച്ച് ആര്‍ ഡി ,എഞ്ചിനീയറിങ് കോളേജ്, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്കെല്ലാം ആളുകള്‍ എത്തുന്നത് കോടതി ജങ്ഷനിലൂടെയാണ്. ബസുകള്‍ കവലയില്‍ തന്നെ നിര്‍ത്തുന്നതിനാല്‍ ബസിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കുവാന്‍ പ്രയാസം നേരിടുന്നു. കവലയില്‍ നിന്നും മാറ്റി ബസ് നിര്‍ത്തിയാല്‍ കോടതി കവലയിലുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കുവാന്‍ കഴിയും.
പരാതി ഉയരുമ്പോള്‍ നടപടി സ്വീകരിക്കുകയും പിന്നീട് പഴയപടി ബസുകള്‍ കവലയില്‍ തന്നെ നിര്‍ത്തുകയും ചെയ്യുന്നു. കോടതി കവലയില്‍ നിന്നും ബസുകള്‍ മാറ്റി നിര്‍ത്തുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















