കോട്ടക്കല്‍: നഗരത്തിലെ പോലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാവുന്നു. ബസ് സ്റ്റാന്‍ഡ് കവാടത്തിന് മുമ്പില്‍ സ്ഥാപിച്ച എയ്ഡ് പോസ്റ്റാണ് കാലങ്ങളായി അടഞ്ഞ് കിടക്കുന്നത്.
ഇതിനകത്തെ ഉപകരണങ്ങളും വെറുതെ കിടന്ന് നശിക്കുകയാണിപ്പോള്‍. സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ബസുകളുടെ അമിത വേഗം, അന്യവാഹനങ്ങളുടെ പ്രവേശനം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് സഹയാകമാകുന്ന പോലീസ് എയ്ഡ് പോസ്റ്റാണ് അനാഥമായിരിക്കുന്നത്.
സ്റ്റാന്‍ഡിനകത്ത് യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്. സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം കയറി ഇറങ്ങുകയാണ്. ബസുകളുടെ പ്രവേശന വഴിയിലൂടെ തന്നെയാണ് പലപ്പോഴും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്നത്.
നേരത്തെ അമിത വേഗത്തിലായിരുന്നു ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കടന്നിരുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പക്ഷേ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് പരുക്കേറ്റതോടെയാണ് നടപടി ഉണ്ടായത്. പ്രവേശന കവാടത്തിന് മുമ്പില്‍ വരമ്പ് നിര്‍മ്മിച്ചാണ് ഇതിന് പരിഹാരം കണ്ടത്.
ബസ് സ്റ്റാന്‍ഡില്‍ ഇതര വാഹനങ്ങള്‍ കയറി ഇറങ്ങുന്നത് ഇപ്പോള്‍ പതിവു കാഴ്ച്ചയാണ്. യാത്രക്കാര്‍ക്കും ബസ് തൊഴിലാളികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അന്യവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാതായി അറിയിച്ചുകൊണ്ടുള്ള സൂചനാ ബോര്‍ഡ് നേരത്തെ ഉണ്ടായിരുന്നെങ്കിലും അതും അപ്രത്യക്ഷമായി.
ചരക്കുവാഹനങ്ങള്‍ വരെ സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുന്നു. എയ്ഡ് പോസ്റ്റില്‍ മുമ്പ് പോലീസ് ഉണ്ടായിരുന്നപ്പോള്‍ ഇതര വാഹനങ്ങള്‍ പ്രവേശിക്കില്ലായിരുന്നു. ടൗണില്‍ അനധികൃത ഓട്ടോ പ്രശ്നവും മറ്റും നിലനില്‍ക്കെയാണ് ബസ് സ്റ്റാന്‍ഡ് ഇതര വാഹനങ്ങള്‍ കയ്യടക്കിയിരിക്കുന്നത്.
ഇത്തരം കാര്യങ്ങള്‍ക്ക് നടപടി വേണമെന്നാവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ നിസംഗത തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: