മൂന്നാര്‍: അവശനിലയില്‍ കണ്ടെത്തിയ മധ്യവയസ്കന് പോലീസ് രക്ഷകരായി. തമിഴ്നാട് സ്വദേശി രവി(55) നെയാണ് പോലീസുകാര്‍ ഏറ്റെടുത്ത് മേഴ്സി ഹോമിലേക്ക് മാറ്റിയത്.
ഇന്നലെ പുലര്‍ച്ചെയാണ് കൊടുംതണുപ്പില്‍ മരണത്തോട് മല്ലിടുന്ന നിലയില്‍ രവിയെ മാട്ടുപെട്ടിയില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ കാണുന്നത്. സംസാരിക്കാന്‍ പോലും സാധിക്കാത്ത നിലയിലായിരുന്നു ഇയാള്‍. വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സുഖം പ്രാപിച്ച രവിയെ വൈകിട്ടോടെ മേഴ്സിഹോമിലേക്ക് മാറ്റുകയായിരുന്നു. ഭക്ഷണം കഴിക്കാത്തതാണ് ആരോഗ്യ സ്ഥിതി വഷളാകാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. മൂന്നാര്‍ സ്റ്റേഷനിലെ എഎസ്ഐമാരായ രാജന്, സോമന്, ഉദ്യോഗസ്ഥരായ തോമസ് ജെ, ജോഷി എന്നിവരടങ്ങിയ സംഘമാണ് തമിഴ്നാട് സ്വദേശിയുടെ ജീവന് രക്ഷിച്ചത്.
















