കരുനാഗപ്പള്ളി: സ്വയം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തിന് കാരണമെന്ന് എന്‍.കെ.പ്രേമേചന്ദ്രന് എംപി. കേരള യൂത്ത് പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നമുക്ക് വേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കണ്ടല്വനവല്ക്കരണ പരിപാടിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം കാര്‍ഷിക മേഖലയില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കെട്ടിട സമുച്ചയങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതം വരുംതലമുറയോട് നാം ചെയ്യുന്ന ക്രൂരതയാണ്. കണ്ടല്‍ കാടുകള്‍ നല്കുന്ന പാരിസ്ഥിതിക സംരക്ഷണം വര്‍ദ്ധിപ്പിക്കുവാനും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനും നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുമന്‍ജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കുല്‍സും ഷംസുദ്ദീന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നജീബ് മണ്ണേല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ഗോപകുമാര്‍, ജി.മഞ്ജുക്കുട്ടന്, അനന്തകൃഷ്ണന് പ്രസാദ്, ഹനീഫ തടത്തില്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
















