കുന്നത്തൂര്‍: സേവനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിജെപി പ്രവര്‍ത്തകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ ഫ്രണ്ട്സ് മൈനാഗപ്പള്ളി. എല്ലാമാസവും സഹായധനം നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ ഹൃദ്രോഗിയായ ഗൃഹനാഥന് സഹായങ്ങള്‍ കൈമാറി. മൈനാഗപ്പള്ളി, തേവലക്കര ഭാഗങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സോഷ്യല്‍മീഡിയ കൂട്ടായ്മ നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് കുറേ മാസങ്ങളായി നടത്തിവരുന്നത്. സമൂഹത്തില്‍ രോഗശയ്യയില്‍ കിടക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ വാട്ട്സ്അപ്പ് ഗ്രൂപ്പിന്റെ മൂന്ന് മാസത്തിനകമുള്ള നാലാമത്തെ കാരുണ്യസഹായമാണിത്. ഈ വാട്ട്സ്അപ്പ് ഗ്രൂപ്പിനെ പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞു.
ആദ്യമായി ആഞ്ഞിലിമൂട്ടില്‍ ഉള്ള രാമകൃഷ്ണന് എന്ന സുഹൃത്തിനു സഹായം നല്‍കുകയും അതിനുശേഷം കോയിവിള ബിഷപ് ജെറോം അഭയകേന്ദ്രത്തില്‍ ഒരുദിവസത്തെ അന്നദാനം നടത്തുകയും ചെയ്തു. പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വാട്ട്സ്അപ്പ് ഗ്രൂപ്പ് മണ്ണൂര്‍ക്കാവില്‍ കൊച്ചുതുണ്ടില്‍ വീട്ടില്‍ ബിജുക്കുട്ടന് സഹായം നല്‍കിയതിന് ശേഷം ഇത്തവണ തങ്ങളുടെ സ്നേഹഹസ്തം നീട്ടുന്നത് വെട്ടിക്കാട്ട് ക്ഷേത്രത്തിനു പടിഞ്ഞാറു വശമുള്ള ബി.ബാബുവിനാണ്. ഇദ്ദേഹം ഹൃദയസംബന്ധമായ രോഗത്തിന് വര്‍ഷങ്ങളായി ചികിത്സയിലാണ്.
ന്യൂനപക്ഷമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റും ഗ്രൂപ് കണ്‍വീനര്‍ കൂടിയായ ബിനോയ് ജോര്‍ജ്ജാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബാബുവിനുള്ള സാമ്പത്തിക സഹായ വിതരണം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനിലും അദ്ദേഹത്തിന്റെ ഉപജീവനത്തിനായി നടത്തുന്ന സ്റ്റേഷനറി കടയിലേക്കുളള സാധനങ്ങളുടെ വിതരണം കൊല്ലം ജില്ലാ കമ്മിറ്റിയംഗം ടി.കലേശനും നിര്‍വഹിച്ചു.കുന്നത്തൂര്‍ നിയോജകമണ്ഡലം മഹിളാമോര്‍ച്ച പ്രസിഡന്റ് സുധാചന്ദ്രന്, മൈനാഗപ്പള്ളി പഞ്ചായത്തഗം അമ്പിളി, കൂട്ടായ്മ പ്രവര്‍ത്തകരായ വിനോദ്, മഹേഷ് ഗണേഷ്, വിഷ്ണു, അനില്‍ വട്ടത്തറ, അരുണ്‍ കവറാട്ട് എന്നിവര്‍ നേതൃത്വം വഹിച്ചു. പൊതുപരിപാടികള്‍ നടത്തി സാമ്പത്തികം വെറുതെ കളയാതെ ആ സാമ്പത്തികം ഉപയോഗിച്ച് നിര്‍ധനരായവരെ സഹായിക്കുക എന്നുള്ളതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം തന്നെ.
















