കൊല്ലം: കോകില തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകണ്ടുപോകാനും വിജയത്തിലെത്തിക്കാനുമായി അമ്മ ബി.ഷൈലജയെ വിജയിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. തേവള്ളി ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാര്‍ത്ഥി ബി.ഷൈലജയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ബിജെപിയുടെ കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്ന കോകിലയുടെ വിയോഗം അവിചാരിതമായിരുന്നു. കുറഞ്ഞ കാലം കൊണ്ട് ജനമനസുകളില്‍ ഇടം നേടാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിന് തെളിവാണ് കോകില. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരിലേക്കും വികസനമെത്തിക്കുക എന്ന ബിജെപിയുടെ നയത്തിന് അനുരൂപമായിരുന്നു കോകിലയുടെ പ്രവര്‍ത്തനം. മറ്റ് പാര്‍ട്ടികള്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്കും വിജയിപ്പിച്ചവര്‍ക്ക് മാത്രവുമെ എന്തെങ്കിലും ചെയ്തുകൊടുക്കുള്ള. ബിജെപിയുടെ രാഷ്‌ട്രീയം തികച്ചും വ്യത്യസ്ഥമാണ്. ഹ്രസ്വമായ കാലയളവില്‍ കുറച്ചുകാര്യങ്ങള്‍ ചെയ്‌തെങ്കിലും ചെയ്യാനുള്ളവ നിരവധിയാണ്. അതിന് കോകിലയുടെ അമ്മ ഷൈലജയെ ജയിപ്പിക്കണമെന്നും സാങ്കേതികമായ മത്സരത്തിന് അപ്പുറം ഡിവിഷനിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിരുന്നുവെന്ന് ഫലം തെളിയിക്കുമെന്നും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. മണ്ഡലം ജനറല്‍ സെക്രട്ടറി സാംരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, പ്രൊഫ.കെ.ശശികുമാര്‍, പൊയിലക്കട രാജന്‍നായര്‍, അഡ്വ.സി.രാജേന്ദ്രന്‍, എം.എസ്.ശ്യാംകുമാര്‍, നെടുമ്പന ഓമനക്കുട്ടന്‍, ശശികല റാവു, അഡ്വ.കല്ലൂര്‍ കൈലാസ്‌നാഥ്, സുനിത മുരളീധരന്‍, സിന്ധു, ബീനാവിജയന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്നും വന്നവരെ ജില്ലാ പ്രസിഡന്റ് ബിജെപിയിലേക്ക് സ്വീകരിച്ചു.
















