തൊടുപുഴ: രേഖകളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച വീട്ടുടമയ്ക്കെതിരെ തൊടുപുഴ പോലീസ് കേസ് എടുത്തു. സംഭവത്തില്‍ വീട്ടുടമയും മാര്‍ക്കറ്റില്‍ കട നടത്തിവരികയുമായ മിഠായി മുഹമ്മദിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയലാണ് അപൂര്‍വ്വമായുള്ള ഇത്തരത്തിലൊരു കേസെടുത്തത്. നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം കൊതായിക്കുന്ന് ബൈപ്പാസിലാണ് കേസിനാസ്പദമായ സംഭവം. ഇവിടെ ഒരു വീട്ടില്‍ ചീട്ടുകളി നടക്കുന്നുണ്ടെന്ന് അറിഞ്ഞാണ് പോലീസ് എത്തുന്നത്. പോലീസിനെ കണ്ട് അന്യസംസ്ഥാനത്തൊഴിലാളികള്‍ ചിതറി ഓടുകയായിരുന്നു. ഓടാന്‍ കഴിയാതെ വന്ന അഞ്ച് പേരെയാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. 40ലധികം പേര് ഇവിടെ ഇതേ സമയം ഉണ്ടായിരുന്നു. യാതൊരുവിധ രേഖകളും വാങ്ങാതെയാണ് ഇത്രയധികം പേരെ ഇയാള്‍ ഇവിടെ താമസിപ്പിച്ചിരുന്നത്. ചീട്ടുകളിയും മയക്ക്മരുന്ന് ഉപയോഗവും മദ്യപാനവും ഇവിടെ പതിവായി നടന്നിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ നിയമോപദേശം തേടാനൊരുങ്ങുകയാണ് പോലീസ്. വീട്ടുടമയെ അറസ്റ്റ് ചെയ്തിട്ടില്ല.
















