കൊട്ടാരക്കര: പുത്തൂര്‍ മണ്ഡപം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 13ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് അസി.കളക്ടര്‍ എസ്.ചിത്ര അറിയിച്ചു. വൈകിട്ട് മൂന്നിന് കളക്ട്രേറ്റില്‍ ആര്‍ഡിഒയുടെ ചേംബറിലാണ് യോഗം ചേരുക. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രത്യേകം നിര്‍ദ്ദേശിച്ച സന്നദ്ധ സംഘടനാ-വ്യാപാരി വ്യവസായി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. മണ്ഡപം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതാണ് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ കാരണം. നൂറ്റാണ്ടുകളുടെ ശേഷിപ്പായ മണ്ഡപം പുനര്നിര്മ്മിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമുയര്ന്നെങ്കിലും മണ്ഡപം നിന്നിടത്ത് തന്നെ അതേ രീതിയില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് പ്രദേശവാസികളായ ആളുകള്‍ ആവശ്യപ്പെട്ടു. പിന്നിലേക്ക് മാറ്റി വിസ്തൃതി കുറച്ച് പുനര്‍നിര്‍മ്മിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
കുളക്കട ഗ്രാമപഞ്ചായത്ത് മണ്ഡപം പിന്നോട്ട് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അസി. കളക്ടറും കൊട്ടാരക്കര തഹസീല്‍ദാറും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണ്ഡപം പൊളിഞ്ഞതും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയിരുന്നു.
പഴയ സ്ഥിതിയില്‍ പുനര്‍നിര്‍മ്മിച്ചാല്‍ വീണ്ടും അപകടം ഉണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. അതാണ് സര്‍വകക്ഷിയോഗം വിളിച്ച് സമവായമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് കളക്ട്രേറ്റിലേക്ക് മാറ്റുകയായിരുന്നു.
















