തൊടുപുഴ: മക്കളുമായി കലോത്സവത്തില്‍ എത്തിയ വീട്ടമ്മയെ അധ്യാപകര്‍ അസഭ്യം പറഞ്ഞതായി പരാതി. മുതലിയാര്‍മഠം തച്ചുകുഴിയില്‍ ശാന്തിഅനില്‍കുമാറാണ് തൊടുപുഴ സി.ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കാളിയാറില്‍ നടന്ന തൊടുപുഴ ഉപജില്ലാ കലോത്സവ വേദിയില്‍ തൊടുപുഴയ്‌ക്ക് സമീപമുള്ള ഒരു സ്‌കൂളിലെ രണ്ട് അധ്യാപകര്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി.
പരാതിക്കാരിയായ വീട്ടമ്മയുടെ മകന്‍ ജിത്തു അനില്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പരിചമുട്ട് കളിയിലാണ് ഈ വിദ്യാര്‍ത്ഥി പങ്കെടുത്തത്. മത്സരത്തിനിടെ ടീമിലുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഈ കുട്ടിയെ ആശുപത്രിയിലാക്കാനുള്ള തര്‍ക്കത്തിനിടെ അധ്യാപകര്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി. വീട്ടമ്മയുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംഭവം പറഞ്ഞ് തീര്‍ക്കാന്‍ തൊടുപുഴ സി.ഐ ശ്രീമോന്‍ ഇരുവിഭാഗത്തെയും ഇന്നലെ സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. പരാതിക്കാരി നിലപാടില്‍ ഉറച്ച് നിന്നതോടെ ഒത്ത് തീര്‍പ്പ് ശ്രമം പാളി. അസഭ്യം പറഞ്ഞെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ആരോപണ വിധേയരായ അധ്യാപകര്‍ ജന്മഭൂമിയോട് പറഞ്ഞു. വീട്ടമ്മയും മത്‌സരത്തില്‍ പങ്കെടുത്ത എട്ട് വിദ്യാര്‍ത്ഥികളും കാര്യങ്ങള്‍ വിശദീകരിക്കാന്‍ തൊടുപഴ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനവും നടത്തി.
















