കട്ടപ്പന: ഗവണ്‍മെന്റ് കോളേജില്‍ റാഗിങ് നടത്തിയ എസ്എഫ്‌ഐക്കാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കേസ് ഫയലുകള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണെന്ന് കട്ടപ്പന എസ്.ഐ അറിയിച്ചു. സംഭവം നടന്ന് ഒന്നരമാസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാതിരുന്നത് ആക്ഷേപങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഓക്ടോബര്‍ 16നാണ് കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥി വയനാട് സ്വദേശി വിഷ്ണു പ്രസാദിനെ റാഗിങിനിരയാക്കിയത്.
എസ്എഫ്‌ഐക്കാരായ ജിഷ്ണു, ഷെഫീഖ്, ജന്‍സണ്‍, സോമിന്‍,നൃപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റാഗിങിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കെതിരെ വിഷ്ണുവിന്റെ പരാതിയെത്തുടര്‍ന്ന് കട്ടപ്പന പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതരും നടപടി കൈക്കൊണ്ടു. സിപിഎമ്മുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കട്ടപ്പന പോലീസ് തയ്യാറായിട്ടില്ല. സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെന്ന് പേരും പറഞ്ഞ് പ്രതികള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. മൂന്നാര്‍ കേറ്ററിങ് കോളേജില്‍ റാഗിങ് നടന്നപ്പോള്‍ പോലീസ് കൃത്യമായി ഇടപെടുകയും പ്രതികളെ കുടുക്കുകയും ചെയ്തിരുന്നു. കട്ടപ്പന ഗവണ്‍മെന്റ് കോളേജിലെ റാഗിങ് കേസില്‍ പോലീസ് പാര്‍ട്ടികാര്‍ പറയുന്നത് അപ്പടി അനുസരിക്കുകയാണ്. പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
















