ഇടുക്കി: ഐപിഎസുകാരന്‍ എന്ന വ്യാജേന പോലീസിനെ കബളിപ്പിച്ച് വിലസുന്നതിനിടയില്‍ പിടിയിലായ ആള്‍ കോട്ടയം സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് ഒന്നരലക്ഷം രൂപ തട്ടിയെടുത്തു. സമാനമായ നിരവധി തട്ടിപ്പുകള്‍ ഇത്തരത്തില്‍ നടത്തിയിട്ടുള്ളതായും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും മൂന്നാര്‍ എസ്.ഐ ജന്മഭൂമിയോട് പറഞ്ഞു. തൃക്കൊടിത്താനം ചിരപുരയിടം മുഹമ്മദ് ഷാമോന്‍ എന്ന തട്ടിപ്പുകാരന്റെ ചിത്രം നവമാധ്യമങ്ങളില്‍ വന്നപ്പോഴാണ് കോട്ടയത്തെ യുവതി സംഭവം അറിയുന്നത്. തുടര്‍ന്ന് മൂന്നാര്‍ പോലീസിനെ തട്ടിപ്പിന്റെ വിവരം മെയിലിലൂടെ ഇവര്‍ അറിയിക്കുകയായിരുന്നു.
നാലു മാസം മുമ്പ് ചങ്ങനാശേരിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. ചങ്ങനാശേരി പോലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട്‌നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് മൂന്നാറില്‍ പിടിയിലായത്.
ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന മൂന്നാറിലെത്തിയ ഇയാള്‍ മൂന്നാര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ ഐപിഎസു കാരനെന്ന് ധരിപ്പിച്ച ശേഷം ഔദ്യോഗിക പോലീസ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയായിരുന്നു. കേസിന്റെ അന്വേഷണത്തിനായാണ് മൂന്നാറിലെത്തിയത് എന്ന തോന്നലുളവാക്കിയശേഷം പോലീസ് അകമ്പടിയോടെ ഔദ്യോഗിക വാഹനത്തില്‍ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഐപിഎസു കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും നല്‍കുവാന്‍ തയ്യാറാകാത്തതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. മൂന്നാര്‍ ഡിവൈഎസ്പി അനിരുദ്ധിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ വ്യാജ ഐപിഎസു കാരനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഐപിഎസ് യൂണിഫോമും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു. കേസെടുത്ത് ദേവികുളം കോടതിയില്‍ ഇയാളെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
















