ഹരിപ്പാട്: ആരും നോക്കാനില്ലാതെ ദുരിതാവസ്ഥയിലായ പെരുമ്പള്ളി തൈവിളാകത്ത് മണി ശ്രീധരന്‍(72)നെ സാമൂഹ്യനീതിവകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസര്‍ അനീറ്റാ എസ്. ലിന്‍ നല്കിയ നിര്‍ദ്ദേശപ്രകാരം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു. വിധവയായ മണിയമ്മയുടെ അഞ്ചുമക്കളില്‍ ഒരാള്‍ മരണപ്പെട്ടു. ഒരാള്‍ അബ്കാരി കേസ്സില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നു.
കൂടെയുള്ള മൂന്ന് മക്കളില്‍ 2പേര്‍ വിവാഹിതരാണെങ്കിലും കുടുംബവുമായി പിണങ്ങിക്കഴിയുന്നവരാണ്. രോഗാതതുരയായതോടെ മദ്യപാനികളായ മക്കള്‍ തനിക്ക് സംരക്ഷണം നല്കുന്നില്ലായെന്ന് കാട്ടി മണിയമ്മ നല്കിയ പരാതിയില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി ദയനീയാവസ്ഥ ജില്ലാ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതോടെയായിരുന്നു നടപടി.
സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസര്‍ അനീറ്റാ എസ്.ലിന്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, വാര്‍ഡ് മെമ്പര്‍ ശ്യാം കുമാര്‍, ലക്ഷ്മി വിനായക, സരസ്വതി ദേവി ക്ഷേത്രം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സജീവന്‍ ശാന്തി, സി.ഡിപിഒ സെലിന്‍ സ്റ്റെല്ലാ മേരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ, അംഗന്‍വാടി വര്‍ക്കര്‍ ശുഭകുമാരി എന്നിവരുടെ സാന്നിധ്യത്തില്‍ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സിഇഒ റ്റി.ഡി. മുരളീധരന്‍, കോ-ഓര്‍ഡിനേറ്റര്‍ അനു എ. നായര്‍ എന്നിവര്‍ സ്ഥലത്തെത്തി മണിയമ്മയെ ഏറ്റെടുത്തു.
മാതാവിന് ചികിത്സാ ചെലവിന് നിലവില്‍ സ്ഥലത്തുള്ള മൂന്ന് മക്കളും പ്രതിമാസം ആയിരം രൂപ വീതം നല്കണമെന്നും അല്ലാത്തപക്ഷം ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.
















