പത്തനാപുരം: പുതിയ കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ പത്തനാപുരത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മേഖലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാതെ പ്രാദേശിക പ്രവര്‍ത്തകരായ എ.ആര്‍.ബഷീറിനെയും, റെജിമോന്‍ വര്‍ഗീസിനെയും കെപിസിസി ഭാരവാഹികളായി തെരഞ്ഞെടുത്തതാണ് പാര്‍ട്ടിക്കുളളില്‍ പുതിയ പൊട്ടിത്തെറിക്ക് കാരണമായത്.
കെപിസിസി പ്രസിഡന്‍ന്റ് വി.എം.സുധീരന്‍ ഇരുവരെയും കെപിസിസി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്കും ഷിബു അമ്പഴവേലിനെ ജില്ലാ എക്‌സിക്യൂട്ടീവിലേക്കും തെരഞ്ഞെടുത്തിരുന്നു. ഇതാണ് പത്തനാപുരത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. തങ്ങളോട് കൂടിയാലോചിക്കാതെ കെപിസിസി പ്രസിഡന്റ് എടുത്ത തീരുമാനം ശരിയായില്ല എന്നാണ് പത്തനാപുരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുത്തത് വി.എം.സുധീരന്‍ നേരിട്ടായതിനാല്‍ പരസ്യപ്രസ്തവനയ്‌ക്ക് നേതാക്കള്‍ തയ്യാറുമല്ല . ഒരു വര്‍ഷം മുമ്പാണ് കേരള കോണ്‍ഗ്രസ് (ബി) പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന എ.ആര്‍.ബഷീറും, മേലില മണ്ഡലം പ്രസിഡന്റായിരുന്ന റെജിമോന്‍ വര്‍ഗീസും പട്ടാഴിയില്‍ നിന്നുളള യുവജനസംഘടനാ നേതാവായിരുന്ന ഷിബു അമ്പഴവേലിയും രാജിവച്ച് കോണ്‍ഗ്രസില്‍ എത്തിയത്. മേഖലയില്‍ സീനിയോരിട്ടിയുളള കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി ഉണ്ടായിട്ടും അവരെ തെരഞ്ഞെടുക്കാതിരുന്നതും മറ്റൊരു കാരണമാണ്. കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടികള്‍ പുതിയ അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നതും നേതാക്കള്‍ക്കിടയില്‍ അമര്‍ഷം കൂട്ടുന്നുണ്ട്.
പുതിയ ഭാരവാഹിത്വത്തെ ചൊല്ലി വരുംദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന.
















