പയ്യന്നൂര്‍: ആദിമുച്ചിലോടായ കരിവെള്ളൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ജനുവരി 7 മുതല്‍ 12 വരെ നടക്കാനിരിക്കുന്ന പെരുങ്കളിയാട്ടത്തിന് ക്ഷേത്രം മതിലകവും പുറവും പന്തല്‍ മംഗലത്തിനായൊരുക്കുതിനുവേണ്ടിയുള്ള നിലംപണി ഭക്തിനിര്‍ഭരമായ ചടങ്ങോടെ നടന്നു. നേരത്തെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ അരങ്ങിലിറങ്ങിയ ദേവതമാര്‍ കോയ്‌മമാരോടും മറ്റ് ആചാരസ്ഥാനീകരോടും സമ്മതം വാങ്ങി കൈലാസക്കല്ലിനടുത്തെത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. അരങ്ങിലിറങ്ങിയ ഭഗവതിമാരാണ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിലം കിളച്ച് തല്ലിയുറപ്പിച്ച് ചാണകം മെഴുകി പണി തുടങ്ങി. ഇനി ക്ഷേത്രം വാല്യക്കാര്‍ തിരുമുറ്റമൊരുക്കല്‍, പന്തലൊരുക്കം തുടങ്ങി കളിയാട്ടത്തിനുള്ള ഒരുക്കങ്ങളിലാണ്. ആയിരക്കണക്കിന് ഭക്തര്‍ക്ക് ദേവീപ്രസാദമായ അന്നദാനം നല്‍കി. നിരവധി മുച്ചിലോട്ടുകളിലെ സ്ഥാനീകര്‍ കോയ്‌മമാര്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇന്ന് രാവിലെ 8.10ന് പാലക്ക് കുറിയിടല്‍ ചടങ്ങും 9.35ന് കന്നിക്കലവറയ്‌ക്ക് കുറ്റിയടിക്കല്‍ ചടങ്ങും നടക്കും.
















