കൊല്ലം: ട്രഷറി വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ഓണ്‍ലൈനായി മാറി നല്‍കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്പാര്‍ക് പ്രോഗ്രാമിങില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ നോട്ടുപ്രതിസന്ധി മൂലമാണെന്ന് പറഞ്ഞ് ഇടതുപക്ഷ യൂണിയനുകള്‍ ജീവനക്കാരെ പറ്റിക്കുന്നു.
ശമ്പളബില്ലുകള്‍ സ്പാര്‍കില്‍ തയ്യാറാക്കി ഇ-സബ്മിഷന്‍ നടത്തേണ്ടതാണ്. എന്നാല്‍ സ്പാര്‍കിലെ തകരാര്‍ മൂലം ഇ-സബ്മിഷന്‍ നടത്താന്‍ മിക്ക ഓഫീസുകള്‍ക്കും ഇന്നലെ കഴിഞ്ഞില്ല. ഇന്നലെയാണ് തകരാര്‍ പരിഹരിക്കപ്പെട്ടത്. അതിനാല്‍ ഒന്നാംതീയതി ട്രഷറികളില്‍ നല്‍കിയ ബില്ലുകള്‍ മിക്കതും പാസാക്കിയില്ല, ഇത് മറച്ചുപിടിച്ച് നോട്ട് പ്രതിസന്ധി മൂലമാണെന്ന പച്ചക്കള്ളം പറഞ്ഞ് എന്‍ജിഒ യൂണിയന്‍കാര്‍ ജീവനക്കാരെ ഓഫീസ്‌സമയത്ത് പ്രകടനം നടത്തിച്ചു.
കൊല്ലം സിവില്‍ സ്റ്റേഷനിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് പ്രകടനത്തിന് ഇറക്കിയത്. കളക്‌ട്രേറ്റില്‍ വന്ന നൂറുകണക്കിന് പൊതുജനങ്ങളെ വലയ്‌ക്കുകയും ചെയ്തു. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴുവനും കേന്ദ്രസര്‍ക്കാരിനെതിരെയായിരുന്നു.
എന്നാല്‍ ഇന്നലെ ജില്ലാ ട്രഷറിയിലെ പെന്‍ഷന്‍ വിതരണം തടസ്സമില്ലാതെ നടന്നു. എസ്ബിഐയുടെ സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ചിലെ സര്‍ക്കാര്‍ പണമിടപാട് ഭാഗത്തു നിന്നും വിവിധ ട്രഷറികളിലേക്കും ബാങ്കുകളിലേക്കും പ്രത്യേക വാഹനങ്ങളില്‍ പണമെത്തിക്കുകയും ചെയ്തു.
















