കണ്ണൂര്‍: അക്രമത്തിലൂടെ രാഷ്‌ട്രീയ എതിരാളികളെ അരിഞ്ഞ് തള്ളി മുഖം വികൃതമായ സിപിഎം സ്വയം വെള്ള പൂശാന്‍ ജില്ലയില്‍ നടത്തുന്ന ഫോട്ടോ പ്രദര്‍ശനം അസത്യങ്ങളുടെയും ചരിത്ര നിഷേധത്തിന്റെയും വേദിയാകുന്നു. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ സംഘടനകളലെ നൂറുകണക്കിനാളുകള്‍ കേരളത്തില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായിക്കഴിഞ്ഞു. അക്രമരാഷ്‌ട്രീയത്തിന്റെ വക്താക്കളായ സിപിഎമ്മിനെതിരെ നാടിന്റെ നാനാഭാഗത്തു നിന്നും വ്യാപകമായ പ്രതിഷേധങ്ങളുയര്‍ന്നപ്പോഴാണ് സിപിഎം നുണപ്രചാരണവുമായി ഇറങ്ങിയത്. ഗാന്ധിവധവുമായി ആര്‍എസ്എസിന് പങ്കില്ലെന്ന് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനുമറിയാമെങ്കിലും ഏത് വിധേനയും കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. തളിപ്പറമ്പില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് അല്ലെന്ന വാദം പൊളിച്ചടുക്കുമെന്നാണ് പാര്‍ട്ടി പത്രം തന്നെ അവകാശപ്പെടുന്നത്. ഗാന്ധിവധത്തിന് ശേഷം നിരോധിക്കപ്പെട്ട ആര്‍എസ്എസ് കോണ്‍ഗ്രസ്സുമായുള്ള രഹസ്യ ബാന്ധവത്തിലൂടെയാണ് നിരോധനം പിന്‍വലിച്ചതെന്നും സിപിഎം പ്രചരിപ്പിക്കുന്നു. ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസിനെതിരായ നിരോധനം പിന്‍വലിച്ചത്. നിരോധനവുമായി ബന്ധപ്പെട്ട് 1948 ല്‍ നെഹറുവിന് ആര്‍എസ്എസ് തലവന്‍ ഹെഡ്‌ഗേവാര്‍ കത്തെഴുതിയെന്നാണ് ഇപ്പോള്‍ സിപിഎം പ്രചരിപ്പിക്കുന്നത്. എന്നാല്‍ 1940 ല്‍ മരണപ്പെട്ട ഹെഡ്‌ഗേവാര്‍ 1948 ല്‍ എങ്ങിനെയാണ് കത്തെഴുതിയതന്ന സാംഗത്യം പരിശോധിച്ചാല്‍ സിപിഎം നടത്തുന്ന നുണപ്രചാരണം മനസ്സിലാകും. സിപിഎമ്മിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ ബുദ്ധിജീവിയായി പ്രവര്‍ത്തിക്കുന്ന സുധീഷ് മിന്നിയെന്നയാളാണത്രെ ഇത്തരം വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
















