കൊല്ലം: കോകിലയുടെ ഓര്‍മകള്‍ മങ്ങാത്ത തേവള്ളി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ജനുവരി നാലിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോകിലയുടെ അമ്മ ഷൈലജയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. മകള്‍ ബാക്കിവച്ച ജനകീയമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഉറച്ച മനസുമായാണ് ഈ അമ്മ തേവള്ളിയുടെ ജനങ്ങള്‍ക്കരിക്കിലെത്തുന്നത്.
കണ്ണീരോണത്തിന്റെ വേദനയോടെ നാടും നഗരവും കോകിലക്കും അച്ഛന്‍ സുനില്‍കുമാറിനും യാത്രമൊഴിയേകിയത് മൂന്നുമാസം മുമ്പാണ്.
തിരുവോണത്തലേന്നാള്‍ രാത്രിവരെ കളിച്ചും ചിരിച്ചും ഉറ്റവര്‍ക്ക് നാളെ ഓണക്കോടിയുമായി വരാമെന്ന് വാക്കു നല്‍കി മടങ്ങിയ കോകിലയെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും തേവള്ളിയുടെ ഹൃദയം തേങ്ങുകയാണ്. കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍, രാഷ്‌ട്രീയഭേദമില്ലാതെ എല്ലാവരുടെയും കുഞ്ഞനുജത്തി, ചുരുങ്ങിയ കാലം കൊണ്ട് വലിയ സുഹൃത്ത് വലയത്തിന്റെ ഉടമ, സദാ പ്രവര്‍ത്തനനിരതയായ ജനകീയനേതാവ് എന്നിങ്ങനെ നിരവധി വിശേഷങ്ങളുണ്ട് കോകിലക്ക്.
സെപ്റ്റംബര്‍ 13 ഉത്രാടദിവസം രാത്രിയാണ് ലക്ക്‌തെറ്റി അമിതവേഗത്തില്‍ ഒരുകൂട്ടം യുവാക്കള്‍ ഓടിച്ചുവന്ന കാര്‍ ഇടിച്ച് കോകിലയും അച്ഛന്‍ സുനില്‍കുമാറും മരിച്ചത്. സംഭവസ്ഥലത്ത് തന്നെ കോകില മരിച്ചു. ഗുരുതരമായി പരിക്കേറ്റ അച്ഛന്‍ സുനില്‍കുമാര്‍ പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മരണമടഞ്ഞു. വിവരമറിഞ്ഞ് നാട് മുഴുവന്‍ ഓണമുപേക്ഷിച്ച് ദുഖത്തിലാഴ്ന്നു.
















