കൊല്ലം: ജിഹാദി ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ച് കമ്മ്യൂണിസം വളര്‍ത്താനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍. അതിന് ഉദാഹരണമാണ് കേരളത്തില്‍ നിന്നും ഐഎസ് ബന്ധമുള്ള യുവാക്കളെ കസ്റ്റഡിയിലെടുത്തപ്പോള്‍ മനുഷ്യാവകാശ വാദവുമായി രംഗത്തുവന്ന സിപിഎം നേതാവ് ടി.കെ.ഹംസയുടെ വാക്കുകള്‍. ഭീകരവാദത്തെ ബിജെപി എതിര്‍ക്കും. അത് ജിഹാദിയാണെങ്കിലും മാവോയിസ്റ്റാണെങ്കിലും. ഫിഡല്‍ കാസ്‌ട്രോയും ചെഗുവേരയും ചെയ്തിരുന്നത് ഭീകരവാദമാണ്. അതേ ഭീകരവാദം ചെയ്യുന്നവരാണ് മാവോയിസ്റ്റുകളും. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെങ്കില്‍ മനുഷ്യാവകാശം പറഞ്ഞ് പിണറായി വിജയനും സംഘവും പൊതുനിരത്തിലിറങ്ങിയെനെ. കേരളത്തില്‍ ഭരണം നടത്തുന്നത് കൊലയാളികളാണ്. കേരളത്തിലെ ആദ്യരാഷ്‌ട്രീയ കൊലപാതകമായിരുന്ന വാടിക്കല്‍ രാമകൃഷ്ണന് കേസിലെ മൂന്നാം പ്രതിയായ വ്യക്തിയാണ് ഇന്ന് കേരളഭരണം നടത്തുന്ന പിണറായി വിജയന്‍. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന കേസിലെ രണ്ടാംപ്രതിയാണ് ഭരണത്തിന് നിര്‍ദ്ദേശം നല്‍കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച് ഭരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അര്‍പ്പണത്തിന്റെയും സംഘടനാബോധത്തിന്റെയും ഉദാഹരണമായിരുന്നു കെ.ടി.ജയകൃഷ്ണന്‍ മാസറ്റര്‍. സമൂഹനന്മയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം ബിജെപിക്കാരനായതിന്റെ ഒറ്റക്കാരണത്താലാണ് സിപിഎമ്മുകാര്‍ ക്ലാസ്‌റൂമില്‍ കയറി വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയത്. ലോകത്തിലെ തന്നെ ആദ്യത്തെ പൈശാചികവും മൃഗീയവുമായ കൊലപാതകമായിരുന്നു അത്. അന്ന് ആ ക്ലാസ് റൂമിലുണ്ടായിരുന്ന കുട്ടികളുടെ മാനസികനില പഴയ സ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അവര്‍ ഇന്ന് വളര്‍ന്നു കഴിഞ്ഞു. അവര്‍ വളരും തോറും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നശിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാം ശരിയാക്കാമെന്ന് വീമ്പിളക്കി ഭരണത്തില്‍ കയറിയവര്‍ ഇന്ന് ചെയ്യുന്നതെല്ലാം ജനദ്രോഹമാണ്. തങ്ങള്‍ക്ക് തെറ്റുപ്പറ്റിയെന്ന് ജനം പറഞ്ഞു തുടങ്ങി. കള്ളപ്പണക്കാരെ തുരത്താന്‍ മോദിസര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക് വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്. അതിന്റെ ഉദാഹരണമാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ്ഫലം സൂചിപ്പിക്കുന്നത്. കേരളത്തില്‍ കള്ളപ്പണക്കരുടെ വക്താക്കളായി ഇടതും വലതും മാറുന്ന കാഴ്ചയാണ് ഉണ്ടായത്. കള്ളപ്പണക്കാരെ സഹായിക്കുന്ന ഇരുമുന്നണികളുടെയും മുഖം ജനം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസ്റ്റ് ആക്രമണത്തിനും ഭീകരവാദത്തിനുമെതിരെ ഉണരൂ കേരളമേ എന്ന മുദ്രവാക്യവുമായി ചിന്നക്കടയില്‍ നടന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ് കുര്യന്‍.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്ടി.വി.സനില്‍ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച സംസ്ഥാനവൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത് ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ദേശീയ സമിതിയംഗം കെ.ശിവദാസന്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ബി.രാധാമണി, സംസ്ഥാന സെക്രട്ടറി ആര്‍.രാജിപ്രസാദ്, മേഖലാജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ലീഗല്‍സെല്‍ കണ്‍വീനര്‍ ചന്ദ്രമോഹനന്‍, ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍, മണ്ഡലം പ്രസിഡന്റ് അജിത്ത്അമ്മച്ചിവീട് എന്നിവര്‍ സംസാരിച്ചു.
യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറിമാരായ എസ്.ജിതിന്‍ദേവ് സ്വാഗതവും എസ്.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ആനന്ദവല്ലീശ്വരത്ത് നിന്നു ആരംഭിച്ച യുവജന റാലി നഗരം ചുറ്റി ചിന്നക്കട ബസ്‌വേ ഗ്രൗണ്ടില്‍ സമാപിച്ചു. റാലിക്ക് യുവമോര്‍ച്ചാ നേതാക്കളായ രാജ്‌മോഹന്‍, ശ്രേയസ്, രതീഷ്‌കുമാര്‍, ബിനു ആലാട്ടുകാവ്, രാജേഷ്പുത്തന്‍നട, വിശാഖ്, രതീഷ്, ആര്യസതീശ്, അനീഷ് പാരിപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
















