സ്വന്തം ലേഖകന്‍
ഇടുക്കി: 1000,500 നോട്ടുകളുടെ നിരോധനത്തിന് ശേഷം ശമ്പള വിതരണത്തിനും പെന്ഷന് വിതരണത്തിനും ഇടുക്കിയിലെ ട്രഷറികളിലെത്തിയത് 34322774 കോടി രൂപ. ഇടുക്കി ജില്ലാ ട്രഷറിക്ക് കീഴില്‍ വരുന്ന 11 സബ്ബ് ട്രഷറികളിലുമായി വിതരണം ചെയ്തത് 30715673 രൂപാ മാത്രം. ജില്ലാ ട്രഷറി അധികൃതര്‍ നല്കുന്ന കണക്കുകള്‍ പ്രകാരം ജില്ലയിലെ എല്ലാ സബ് ട്രഷറികളിലായി കാല് കോടിയിലധികം രൂപാ മിച്ചമാണ്.
എസ്ബിടി, കാനറാ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളില്‍ നിന്നായാണ് ജില്ലയിലെ ട്രഷറികളിലേക്ക് പണം എത്തിക്കുന്നത്. ഒന്നിലധികം പ്രാവശ്യമായാണ് ബാങ്കുകളില്‍ നിന്നും ട്രഷറികളിലേക്ക് പണമെത്തിയത്. ജില്ലയില്‍ ഏറെയും പെന്‍ഷന്‍കാരാണ് ട്രഷറി വഴി പണം കൈപ്പറ്റാനെത്തുന്നത്. ചുരുക്കം ചില ഗസറ്റഡ് ഓഫീസര്മാരൊഴികെയുളള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറികളിലെത്താതെ നേരിട്ട് ബാങ്കിലേക്കാണെത്തുന്നത്. ഇന്നലെ ജില്ലയിലെ ട്രഷറികള്‍ വഴി വിതരണം ചെയ്തത് അഞ്ച് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയാണ്.
അത്രയും തുകയെത്തിയിരുന്നില്ലെങ്കിലും 24000 എന്ന പരിധിയുള്ളതിനാല്‍ പണം വിതരണത്തിന് കാര്യമായ ബുദ്ധിമുട്ട് നേരിട്ടില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
സാധാരണ ദിനങ്ങളില്‍ മൂന്നര വരെ മാത്രമേ ട്രഷറികളില്‍ ഇടപാടുകള്‍ നടക്കാറുള്ളൂവെങ്കിലും ഇന്നലെ ആറ്മണി മണി വരെ ട്രഷറി പ്രവര്‍ത്തിച്ചു.
















